2019 മേയ് 6, തിങ്കളാഴ്‌ച

എസ് എസ് എൽ സി ഒരോർമ്മ



   പത്താം തരത്തിലേക്ക്  ജയിച്ച സമയം.രണ്ടു മാസത്തെ അവധി മുഴുവനായി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നു സാരം.അതിനുമുമ്പേ സ്‌പെഷൽ ക്ലാസ് തുടങ്ങിയിരുന്നു.പോരാത്തതിന് ഇംഗ്ലീഷ് ഗ്രാമറും.ഈ ഇംഗ്ലീഷ് ഗ്രാമർ കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല ഇതുവരെ.ആംഗലേയ ഭാഷ പണ്ട് മുതലേ ന്റെ ആജന്മ ശത്രുവാണ്.ഈ ഇംഗ്ലീഷ് കാരണം ക്‌ളാസിൽ പോകാൻ തന്നെ മടിയായിരുന്നു.പോരാത്തതിന് വീട്ടിൽ നിന്നും ഉപദേശത്തിന്റെ സന്മാർഗ പാഠങ്ങൾ പറഞ്ഞു തരാൻ ആളുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു.ഇപ്പൊ എന്റെ പക്ഷം പറയാൻ അച്ഛമ്മ മാത്രം.എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക്  അച്ഛമ്മയും കരിങ്കാലി ആകാറുണ്ട്.
      പഠിക്കണ്ടേ പത്താം തരം അല്ലെ പഠിച്ചു 10 പാസ്സായില്ലെങ്കിൽ പാഴ്ജന്മാമാകും എന്നൊക്കെയുള്ള ഉപദേശങ്ങൾ കേട്ട് കേട്ട് മടുത്തു.ആകെയുള്ളൊരാശ്വാസം സഹപാഠികളായ കുറച്ചു പെൺസുഹൃത്തുക്കൾ ആണ്.എല്ലാരും തുല്യ ദുഖിതരാണല്ലോ.

     അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന് കേട്ടിട്ടില്ലേ.ശരിക്കും എന്റെ ജീവിതത്തിലും അതാണ് സംഭവിച്ചത്.അന്നൊക്കെ ആൺസുഹൃത്തുക്കളെ എനിക്കറിയകൂടി ഇല്ലായിരുന്നു.പിന്നീട് കൊല്ലങ്ങൾക്കുമിപ്പുറം അവരെ ഒരു കുടക്കീഴിൽ വരുത്താൻ സാധിച്ചു.ഇപ്പൊ ഞങ്ങ കട്ട ചങ്കുകളാണ് ട്ടോ.

     പത്താം തരത്തിൽ ഞങ്ങളുടെ ക്ലാസ് മാഷ്ഡെന്നി മാഷിന് പകരം പുതിയൊരു മാഷ് ജോയിൻ ചെയ്തത്.ഡെന്നി മാഷ് വയ്യായ്ക കാരണം ഹോസ്പിറ്റലിൽ ആയിരുന്നു.പിന്നീടാണ് മാഷ് മരണപെട്ടു എന്ന വിവരം അറിയുന്നത്.പുതിയ മാഷിന്റെ പേര്  പിന്റോ എന്നായിരുന്നു.സൂപ്പർ ചുള്ളൻ മാഷ്.ഇപ്പൊ മാഷ് ബല്ല്യ നടൻ ഒക്കെ ആണുട്ടോ.( വായ്നോട്ടം അന്നും ഒരു കലയാണ്  അതിപ്പോ മാഷായാലെന്താ കുട്ടികളായാലെന്താ, ഞാൻ മാത്രല്ല ന്റെ സഹപാഠികളും )എന്തായാലും പുതിയ മാഷിനെ ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

        ദിവസങ്ങളും മാസങ്ങളും കണ്ണടച്ച് തുറക്കുമ്പോഴേക്കും പൊയ്ക്കൊണ്ടിരുന്നു.അവസാനം ഞങ്ങളുടെ സെന്റ് ഓഫ് ദിവസം വന്നെത്തി.സെന്റ് ഓഫിനാണ് എല്ലാവരെയും ശെരിക്കും ഒന്ന് പരിചയപ്പെടുന്നത് തന്നെ.നഷ്ട്ടപ്പെട്ട ദിവസങ്ങളെ ക്കുറിച്ചു അപ്പൊ വിഷമം തോന്നി.മിണ്ടാപൂച്ചയെ പോലെ ഇരുന്ന പലരും അന്ന് വാ തോരാതെ സംസാരിച്ചു.ശരിക്കും അതിശയം തോന്നിപ്പോയി.അന്ന് തിരിച്ചു വീട്ടിലേക്കു പോകാൻ ആർക്കും മനസ്സ് വന്നില്ല.ആ ദിവസം കഴിഞ്ഞു പോകാതിരുന്നെങ്കിൽ എന്ന് വരെ ആശിച്ചു പോയി.വീട്ടിലേക്കു പോകും വഴി എല്ലാവരും ഒരുമിച്ചു നടന്നു സംസാരിക്കുകയായിരുന്നു.

      സെന്റോഫിനു മാഷുമ്മാർ തന്ന മോട്ടിവേഷൻ തീയറി ഒക്കെ വീടെത്തിയപ്പോഴേക്കും ആവിയായിപ്പോയി.എന്നിരുന്നാലും കണക്കു കൂട്ടലുകൾക്കു ഒരു കുറവും സംഭവിച്ചില്ല.ഇന്ന് ഹിസ്റ്ററി നാളെ ജോഗ്രഫി മറ്റന്നാൾ ബയോളജി എന്നിങ്ങനെപോകുന്നു റിവിഷൻ കണക്കു കൂട്ടലുകളുടെ നീണ്ട നിര.

     സ്റ്റഡി ലീവെന്നു പറഞ്ഞാൽ തീറ്റ ഉറക്കം ടീവി കാണൽ ഇത് മാത്രമായി പോകുമായിരുന്ന സമയത്തു വീടിന്റെ അകത്തളങ്ങളിൽ ഇരുന്നു പഠിച്ചിട്ടു തലയിൽ കയറാത്ത കാരണം വീടിന്റെ പുറത്താക്കാം ഇനി പഠനം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.മുറ്റത്തൊരു കസേരയും കൊണ്ടിട്ടിരുന്നു കാറ്റും കൊണ്ടിരിക്കുമ്പോഴാണ് മനസ്സിനെ ആട്ടി ഉലക്കുന്ന ആ സംഭവം ഞാൻ കാണാൻ ഇടയായത്.തൊട്ടപ്പുറത്തെ വീട്ടിലിരുന്ന് ഒരു പെൺകുട്ടി പഠിക്കുന്നു.അന്വേഷിച്ചു വന്നപ്പോളാണ് അറിഞ്ഞത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ചേച്ചിയുടെ മകളാണെന്ന്‌  പേര് സുജിത. ഇനീപ്പോ ഇതും കൂടി ന്റെ 'അമ്മ കണ്ടു വന്നാൽ മനുഷ്യന് കിടക്കപ്പൊറുതി ഇണ്ടാവില്ല. കണ്ടു പഠിക്കടി എന്നാകും ഉപദേശം.സ്വദവേ സ്വന്തം  മക്കളെക്കാളും മറ്റുള്ളവരുടെ കുട്ടികളെ പ്രശംസിക്കുന്നതിലാകും അമ്മാമാർക്കു എന്നും ഹരം.സ്വന്തം മക്കൾ അതിൽ നീറി പുകയുന്നുണ്ടോന്നു അവരോർക്കാറില്ല.

  സത്യത്തിൽ അവൾ എനിക്കൊരു വമ്പൻ പാര ആയിരുന്നു.അതിരാവിലെ എണീറ്റോക്കെ പഠിക്കുമത്രെ.മനുഷ്യന്റെ ഉറക്കം കളയാൻ അല്ലാതെന്തു പറയാനാ...ഇവിടെ ന്റെ മാതാശ്രീ അപ്പൊ തുടങ്ങും രാമായണ പാരായണം. " സോപ്പ് വെള്ളമാക്കാനും ചോറ് .......ആക്കാനും മാത്രേ ഇവിടെ ഉള്ളവരെ കൊണ്ട് ഉപകാരമുള്ളു. ഇതിലും ഭേദം രണ്ടു പോത്തുകളെ വളർത്തുന്നതാണ് വീടിനെങ്കിലും ഉപകാരം ഉണ്ടായേനെ." ( അല്ലെങ്കിലും പണ്ടേ എന്നെ പോത്തുകളോട്  ഉപമിക്കാൻ 'അമ്മ  മിടുക്കിയാണ്.സ്വന്തം ഭവനത്തിൽ കൃഷിയും പോത്തും പശുവും  എരുമയും ഒക്കെ ഉണ്ടെന്നു വെച്ച്  സ്വന്തം മക്കളെ ഇങ്ങനെ തരം താഴ്ത്തി കെട്ടാമോ ? )

          സ്റ്റഡി ലീവാണെലും ക്രിക്കറ്റ് അത് ടീവിയിൽ വന്നാൽ ഇമ്മള്  വിടൂല്ലാട്ടോ.കുത്തിയിരുന്നു കാണും .'അമ്മ ജോലിക്കു പോകുന്നതുവരെ പുസ്തപുഴുവായും പോയിക്കഴിഞ്ഞാൽ ടീവി പുഴുവായും .ക്രിക്കറ്റ് പ്രാന്തന് കളിയാണേലും  ഇമ്മടെ സച്ചിനും രാഹുലും ദ്രാവിഡും ഒക്കെ ബാറ്റിങ്ങിനായി ഇറങ്ങുമ്പോഴുള്ള ആവേശമുണ്ടല്ലോ  അത് പറഞ്ഞറിയിക്കാൻ പറ്റില്ല.

      അങ്ങനെ തല്ലു കൂടിയും തല പൊളിച്ചും സ്റ്റഡി ലീവ്‌ തീർന്നു കിട്ടി.
SSLC എക്സാം ദിവസം ആദ്യ പരീക്ഷ ന്റെ ആജന്മശത്രു ഇംഗ്ലീഷ് .അമ്പലത്തിൽ പോയി ദൈവത്തിനെ ഒന്ന് സോപ്പിട്ടു.താൻ പാതി ദൈവം പാതി എന്നാണല്ലോ.ദൈവത്തിന്റെ പാതി തന്നാൽ ഞാൻ ജയിക്കും അതുകൊണ്ടു അങ്ങേരോട് ഒരു ടൈഅപ്പിനു വേണ്ടി പോയതാണ്.നേരത്തെ തന്നെ ക്ലാസിലെത്തി.ബോക്സ് തുറപ്പൊഴാ ഹാൾടിക്കട്റ്റ് എടുക്കാത്ത കാര്യം ഓര്മ വന്നത്.അപ്പൊ തന്നെ ഹെഡ്മാ ഷിന്റെ റൂമിലേക്ക് ഒരോട്ടമാണ്.അദ്ദേഹത്തിന്റെ കാലുപിടിച്ചും ഒരു ലെറ്റർ ഒപ്പിച്ചാണ് എക്സാം ഹാളിൽ എത്തിയത്.വന്നിരുന്നതും  എന്റെ ബെഞ്ചിലിരിക്കുന്നതു ഒരു ആൺകുട്ടി.
 ശ്ശെടാ വല്യ പൊല്ലാപ്പായിപ്പോയല്ലോ  ചോദിച്ചിട്ട് എഴുതാം എന്ന് വെച്ചാൽ അവൻ ആലുവാ മണപുറത്തു വെച്ചു കണ്ട പരിചയഭാവം പോലും ഇല്ല.എങ്കിലും അവനെ കണ്ണുരുട്ടി പേടിപ്പിക്കാതിരുന്നില്ല.പരീക്ഷകളൊക്കെ നന്നായി ഉരുട്ടിയുരുട്ടി റെയ്‌നോൾസ് പേന കൊണ്ട് എഴുതി തീർത്തു.പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് അച്ഛനും അമ്മയ്ക്കും ഒരേ മറുപടിയാണ് ഞാൻ സമ്മാനിച്ചത്. ചോദ്യങ്ങളൊക്കെ വളരെ എളുപ്പമായിരുന്നു.ഉത്തരം എഴുതാൻ ഞാൻ  വളരെ കഷ്ട്ടപെട്ടു.വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.ഇനി വരും പോലെ വരട്ടെ..

        റിസൾട്ട് വരുന്നതുവരെ ഞാൻ വളരെ വളരെ ഹാപ്പി ആയിരുന്നു.റിസൾട്ട് വരുന്നതിന്റെ തലേദിവസം പേടിച്ചിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല ഇനിയെങ്ങാനും തോറ്റുപോയാലോ മുൻകരുതൽ എടുക്കണ്ടേ.തോറ്റാൽ നാട് വിടണോ അതോ ആത്മഹത്യയോ .,? പല പല ആലോചനകളും മനസ്സിലൂടെ കടന്നുപോയി.അതിരാവിലെ പത്രം വന്നപ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ പറഞ്ഞത് എന്റെ നമ്പർ പേപ്പറിൽ ഇല്ലാന്ന്.പോരെ പൂരം.അത് കേട്ടതും അമ്മയുടെ വക ചീത്ത വിളി തുടങ്ങിയതും ഒരുമിച്ചായിരുന്നു.പിന്നീട് ഒന്നും മിണ്ടാൻ നാവു പൊങ്ങിയില്ല.ശരീരം തളർന്നുപോകുന്ന പോലെ ഒക്കെ തോന്നി റൂമിൽ കയറി മുകളിലേക്കു നോക്കി കരച്ചിലോടു കരച്ചിൽ.അന്ന് രാത്രി എല്ലാവരും ഉറങ്ങിയശേഷം ആത്മഹത്യ ചെയ്യാം എന്ന കടുത്ത തീരുമാനം വരെ എടുത്തു.

      എന്നാലും ന്റെ അച്ഛൻ മാത്രം ഞാൻ തോറ്റു എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാട്ടോ. ഞാനറിയാതെ അച്ഛൻ സ്കൂൾ വരെ പോയി റിസൾട്ടിന്റെ കാര്യം അറിയാൻ.10 -തരത്തിൽ ഒരു പെൺകുട്ടി പോലും തോറ്റിട്ടില്ലെന്നും.ആകെ മൂന്ന് ആൺകുട്ടികളാണ് തോറ്റതെന്നും സ്കൂളിന് 97 % വിജയം ഉണ്ടെന്നും .തോറ്റ കുട്ടികളിൽ ഒരു കുട്ടി പരീക്ഷ എഴുതാൻ പറ്റാതെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും അപ്പോൾ അറിയാൻ കഴിഞ്ഞു.

     തിരിച്ചു വരുന്ന വഴി അച്ഛൻ ലഡ്ഡു വാങ്ങിയിട്ടാണ് വന്നത്.പിന്നീട് ഒന്നൂടെ നോക്കിയപ്പോഴാണ് സെക്കന്റ് ക്ലാസ് ഉണ്ടെന്നറിഞ്ഞത്.വെറുതെ കണ്ണീരു വെയ്സ്റ്റാക്കി .കടുത്ത തീരുമാനങ്ങളെ കാറ്റിൽ പറത്തി കളഞ്ഞെങ്കിലും അടുത്ത വീട്ടിലെ കുട്ടിക്ക് എത്ര മാർക്ക് കിട്ടിയിട്ടുണ്ടാകും എന്നായി ആകാംഷ.ദൈവം സഹായിച് അവൾക്കും 3 മാർക്കിന്റെ വ്യത്യാസമേ ഉണ്ടാർന്നുള്ളു.അല്ലെങ്കിൽ മാർക്ക് ആ കൊച്ചിനാണ്‌ കൂടുതലെന്നും പറഞ് ന്റെ 'അമ്മ ന്നെ കൊന്നേനെ...

 വാൽക്കഷ്ണം.:-
    sslc ഒരു കടമ്പ തന്നയാണേ.ഇന്ന് sslc റിസൾട്ട് വന്ന ദിവസമായിരുന്നു.പഴയ ഓർമ്മകൾ മനസ്സിനെ ആടിയുലച്ചപ്പോൾ കോറിയിട്ടത്.നൊക്ളാജിയാ...:-O

2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഒരു വൺഡേ ടൂർ...അറബിക്കടലിന്റെ റാണിയോടൊത്ത്

   


         യാത്രകൾ ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ .അതുപോലെ തന്നെ ഒറ്റക്കും കൂട്ടായും ഒക്കെ യാത്രകൾ പോകാറുണ്ട്.കുറച്ചു നാളായി ഓഫീസിലെ തിരക്കുകൾ കാരണം എന്റെ യാത്രകൾക്ക് വിരാമം ഇട്ടിരിക്കുകയായിരുന്നു.ഈ കഴിഞ്ഞ ഒക്ടോബര് ഒന്നിന് ഞാനും എന്റെ ക്ലാസ്സ്‌മേറ്റ്സ് ഉം കൂടി ഒരു വൺഡേ ടൂർ അറേഞ്ച് ചെയ്തു.മാതൃഭൂമിയുടെ യാത്രാ എന്ന ബുക്കിനെ സ്ഥിരം വായനക്കാരിയാണ് ഞാൻ.അതിൽ നിന്നാണ് മാലിപ്പുറം എന്ന സ്ഥലത്തെക്കുറിച്ചു അറിയാൻ കഴിഞ്ഞത്.സ്ഥലത്തെകുറിച്ചു അതിൽ വിശദമായി പ്രതിപാദിച്ചിരുന്നെങ്കിലും ഫോൺ നമ്പർ തെറ്റായിരുന്നു.ചില സുഹൃത്തുക്കൾ എറണാകുളത്തു ഉള്ളതിനാൽ അവരെ കോൺടാക്ട് ചെയ്തു.എന്നിരുന്നാലും നമ്പർ കിട്ടിയില്ല.അവസാനം ചെറായിലുള്ള ഡെന്നി ബ്രോ നേരിട്ടുപോയി എനിക്ക് നമ്പർ ഒപ്പിച്ചു തരികയായിരുന്നു.കൗണ്ടറിൽ നിൽക്കുന്ന ചേച്ചിയുടെ ഫോൺ നമ്പർ വാങ്ങി തരികയാണ് ഉണ്ടായത്.അപ്പോൾ തന്നെ വിളിച്ചു ഒരു 17 ടിക്കറ്റ് മാറ്റി വെയ്ക്കാൻ പറഞ്ഞു.ഇത് വരെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.ഇനിയാണ് കഥയിലെ ട്വിസ്റ്റ് മാലിപ്പുറത്തെ ഫോൺ നമ്പർ വാങ്ങാൻ പോയവൻ ഞാറക്കലിലെ ഫോൺ നമ്പർ ആണ് ഒപ്പിച്ചു തന്നതെന്നു മാലിപ്പുറത്തേക്കു എത്താറായപ്പോഴാണ് ഞാനറിഞ്ഞതെന്നു മാത്രം.മാലിപ്പുറത്തും ഞാറക്കലിലും അക്വ ടൂറിസം തന്നെയാണ്.അവസാനം ഞാറക്കലിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു.

 

    ഞങ്ങൾ കൊടുങ്ങല്ലൂർ പറവൂർ വഴിക്കാണ് ഞാറക്കലിലേക്കു പുറപ്പെട്ടത്.പോകും വഴി മാപ്രാണം ഷാപ്പിലും ഒന്നുകയറി.തെറ്റിദ്ധരിക്കണ്ട കേട്ടോ പെണ്പടകൾ വണ്ടിയിൽ തന്നെ ഇരുന്നു.ആൺ പടകൾമാത്രമേ അതിനകത്തേക്കു കയറിയുള്ളു.ഞങ്ങൾക്കുള്ള കൊള്ളിയും മീൻകറിയും മട്ടൻ വരട്ടിയതും കാടമുട്ട  റോസ്റ്റും വണ്ടിയിലേക്ക് എത്തിച്ചു തന്നു.അത് അപ്പൊ തന്നെ തീർക്കുകയും ചെയ്തു.മാപ്രാണം ഷാപ്പിലെ കറികളെ കുറിച്ച് കേട്ടറിവുണ്ടെങ്കിലും രുചിച്ചു നോക്കാൻ അവസരം കിട്ടിയത് ഈ യാത്ര കൊണ്ടാണ്...കൊള്ളാം കേട്ടോ സംഭവം ഉഷാർ...!!!




     അവിടെ നിന്നും ഞങ്ങൾ ഞാറയ്ക്കലിലേക്കു പുറപ്പെട്ടു.ഞാറയ്ക്കൽ കുടുംബസമേതം ബോട്ടിങ് നടത്താനും ചൂണ്ടയിടാനും അൽപ്പം കാറ്റ് കൊണ്ടിരിക്കാനും പറ്റിയ ഇടം.അവധി ദിവസങ്ങൾ മനോഹരമാക്കാൻ പറ്റിയ ഇടമാണ് ഞാറയ്ക്കൽ.എറണാകുളം ജില്ലയിലെ പുതു വൈപ്പിനടുത്താണ് ഈ സ്ഥലം.എറണാകുളം എം ജി റോഡിൽ നിന്നും 14 കി മി പോയാൽ ഞാറയ്ക്കലിൽ എത്താം.ഞാറയ്ക്കൽ ബീച്ച് റോഡിൽ ടാലെന്റ്റ് സ്കൂളിന് അടുത്താണ് മൽസ്യഫെഡിന്റെ ഈ ഫിഷ് ഫാം സ്ഥിതി ചെയ്യുന്നത്.വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.ചെന്ന് കയറുന്ന ഭാഗത്തു തന്നെയാണ് ടിക്കറ്റ് കൗണ്ടർ.വിളിച്ചു പറഞ്ഞ പ്രകാരം 12 മുതിർന്നവർക്കുള്ള ടിക്കറ്റും 5 കുട്ടികൾക്കുള്ള ടിക്കറ്റും എടുത്തു വെച്ചിരുന്നു.മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 100 രൂപയും.10 പാസ്സിന് ഒരു ടിക്കറ്റ് ഫ്രീ ആണ്.ഞങ്ങൾ എത്തിയത് ഉച്ചഭക്ഷണത്തിന്റെ സമയത്തായതുകൊണ്ടും നേരെ ഫുഡ് കഴിക്കാൻ കയറി.ചെമ്മീൻ അച്ചാറും മീൻ വറുത്തതും മീൻ കറിയും സാമ്പാറും മോരുകറിയും ഒക്കെ കൂട്ടി വിഭവസമൃദ്ധമായ സദ്യ.അത് കഴിഞ്ഞു നേരെ ഐസ് ക്രീം കഴിക്കാനും കയറി.ഇനി കുറച്ചു നേരം വിശ്രമിക്കാം എന്നുവെച്ചപ്പോൾ ബോട്ടിങ്ങിന്റെ അടുത്തു നല്ല തിരക്ക്.കുട്ടികൾ കൂടെ ഉള്ളതുകൊണ്ട് സ്പീഡ് ബോട്ടിനു രണ്ടു ടിക്കറ്റ് എടുത്തു.ഒരു ടിക്കറ്റിനു അഞ്ചു പേർക്ക് കയറാം.കൂടെ ഉണ്ടായിരുന്ന കുറച്ചു പേര് കുട്ടവഞ്ചിയും തുഴഞ്ഞു.എന്നെയും വിളിച്ചതാ.,ധൈര്യം കൂടുതലായതുകൊണ്ടു പോയില്ല.അരക്കൊപ്പം വെള്ളത്തിൽ മുങ്ങിച്ചത്തു എന്ന് പറഞ്ഞാൽ നാണക്കേടല്ലേ...പിന്നെ അവിടെ ഉള്ള മൽസ്യങ്ങൾ ചത്തു പൊന്തിയാൽ അതിന്റെ ഉത്തരവാദിത്വവും ന്റെ തലയിൽ ആകും അതുകൊണ്ടുമാത്രം ഞാൻ അതിനു മെനക്കെട്ടില്ല.











ബോട്ടിൽ കയറിയത് തന്നെ മീൻ ചാടുന്നത് കാണാനാണ്.,എവിടെ ഒരു മീനും ചാടണത് ഞാൻ കണ്ടില്ല.സ്പീഡ് ബോട്ടിലെ ചേട്ടനോട് ചോദിച്ചപ്പോൾ മാലിപ്പുറത്തു മീൻ ചാടണത് കാണാൻ പറ്റും എന്നായിരുന്നു മറുപടി.എവിടെപ്പോയാലും അവസ്ഥ ഇതൊക്കെ തന്നെ എന്നുതോന്നുന്നു.20 രൂപ കൊടുത്താൽ ചൂണ്ടയിടാനുള്ള ചൂണ്ട കൗണ്ടറിൽ നിന്നും ലഭിക്കും.തിരിച്ചുപോകുമ്പോ തിരികെ ഏൽപ്പിക്കണം എന്ന് മാത്രം.ചൂണ്ട കൊളുത്തിൽ വെക്കാനുള്ള ഇര അവിടെനിന്നു തന്നെ കിട്ടും.മൈദ മാവും മഞ്ഞളും കൂട്ടിയ ഒരു മിശ്രിതം.അത് ചൂണ്ടയിൽ കൊളുത്തി ഇട്ടാൽ മതി.ഭാഗ്യമുണ്ടെങ്കിൽ നമുക്കും മീൻ കിട്ടും.അവിടെ ചൂണ്ടയിടാൻ ഇരുന്ന ഒരു പയ്യന് കരിമീൻ കിട്ടി.അവൻ അതും പൊക്കിപ്പിടിച്ചു നടപ്പുണ്ടായിരുന്നു.പുറമെ നിന്നും ചൂണ്ട കൊണ്ടുവരാം.പാസ് എടുത്തു കയറിയാൽ 5-6 മണി വരെ നമുക്ക് അവിടെ ചിലവഴിക്കാം.അവിടെ നിന്നും എല്ലാവരും ഓരോ ഗ്രൂപ്പ് ഫോട്ടോയും എടുത്തു നേരെ വൈപ്പിനിലേക്ക്‌.

വൈപ്പിനിൽ വണ്ടി പാർക്ക് ചെയ്തതിനു ശേഷം ജങ്കാറുവഴി ഞങ്ങൾ ഫോർട്ട് കൊച്ചിയിലേക്ക്.റോഡ് മാർഗം പോകുകയാണെങ്കിൽ സമയനഷ്ടം.ജങ്കാറിൽ കയറിയുള്ള യാത്ര ഒരു പുതിയ അനുഭവമായിരുന്നു.കാറും ബൈക്കും ആളുകളുമൊക്കെയായി ജങ്കാർ ഫോർട്ട് കൊച്ചിയിലേക്ക് പതുക്കെ നീങ്ങിത്തുടങ്ങി.ശെരിക്കും ഒരു ആനപ്പുറത്തിരിക്കുന്ന പ്രതീതിയായിരുന്നു.മനസ്സിൽ.ജങ്കാറിൽ നിന്ന് പലരും സെൽഫികൾ എടുത്തു കൂട്ടുന്നുണ്ടായിരുന്നു.
ഫോർട്ട് കൊച്ചിയിൽ എത്തിയതും...ഒരു വലിയ സ്ട്രീറ്റിൽ എത്തിയപോലെയാണ് തോന്നിയത്.നടക്കുന്ന വഴികളുടെ ഇരുവശത്തും ചെറിയചെറിയ കടകൾ.പലതരം തൊപ്പികളും വസ്ത്രങ്ങളും ബാഗുകളും കരകൗശല വസ്തുക്കളും സ്ട്രീറ്റ് ഫുഡും ഒക്കെയായി നല്ല തിരക്കാണ്.അതിനിടക്ക് ഒരു ചിൽഡ്രൻസ് പാർക്കും ചീനവലകളും ഞങ്ങൾ നടന്നു നടന്നു ബീച്ചിന്റെ അടുത്തെത്തി.കുറച്ചു  നേരം അവിടെ ചിലവഴിച്ചു.ബീച്ചിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അവിടത്തെ വൃത്തിഹീനമായ ചുറ്റുപാട് കാരണം ഇറങ്ങിയില്ല.തിരിച്ചു മടങ്ങുമ്പോൾ കൂട്ടുകാരന്റെ മക്കൾ പെറുക്കികൂട്ടിയ കക്കകൾ കയ്യിൽ വെച്ച് തന്നു ഞാനത് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു.പിന്നീടത് ചോദിച്ചു വാങ്ങാൻ അവർ മറന്നില്ല.തിരിച്ചു വൈപ്പിനിലേക്ക്‌ ഞങ്ങൾ ബോട്ടിൽ ആണ് പോയത്.ബോട്ടിൽ  കയറിയതും നല്ല   മഴക്കാറും.ഇനി ചുറ്റിക്കറങ്ങാൻ പറ്റില്ലെന്ന് കരുതി.വണ്ടിയിൽ കയറുമ്പോൾ തന്നെ മഴ പെയ്തുതുടങ്ങി.





 ഇത്രേടം വരെ വന്നിട്ട് മെട്രോയിൽ കയറാതെ പോകുന്നതെങ്ങനെ...? നേരെ മുട്ടം സ്റ്റേഷനിലേക്ക് അവിടെ വണ്ടി പാർക്ക് ചെയ്തു ഇടപ്പള്ളിക്ക് ടിക്കറ്റ് എടുക്കാൻ ടിക്കറ്റ് കൗണ്ടറിലേക്ക് നീങ്ങി.വളരെ ആധുനീക സജീകരണങ്ങളോട് കൂടിയ ഒരു റെയിൽവേ...കണ്ടപ്പോൾ അത്ഭുതവും അതിലേറെ ആകാംഷയും.ടിക്കറ്റ് ഒന്നിന് 20 രൂപ യാത്ര കഴിഞ്ഞു അടുത്ത സ്റ്റേഷൻ എത്തുന്നവരെ ടിക്കറ്റ് സൂക്ഷിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും 90 രൂപയാണ് പിഴ.ഈ കാശ് അടച്ചാലേ അവിടെനിന്നു പുറത്തു കടക്കാൻ പറ്റു.10-15 മിനിട്ടു കൂടുമ്പോൾ വണ്ടിയുണ്ട്.ഞങ്ങൾ അക്ഷമരായി ട്രെയിൻ വരുന്നതും കാത്തു നിന്നു.ട്രെയിൻ വന്നതും അതിൽ കയറി എടപ്പള്ളിയിലേക്കു.അകത്തു കയറിയതും സീറ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.തണുത്ത എസിയിൽ നിന്ന് തന്നെ ഇടപ്പള്ളിയിൽ എത്തിച്ചേർന്നു.വന്നു ഇറങ്ങിയതും ഒരു പൂരത്തിന്റെ ജനം ഉണ്ടായിരുന്നു.ലുലുമാളിൽ നിന്നും ഉള്ള ജനങളുടെ പ്രവാഹമാണ്.ടിക്കറ്റിനു വരി നിന്നാൽ ഈയടുത്തൊന്നും പോകാൻ പറ്റില്ല.അതുകൊണ്ടു തന്നെ ഡ്രൈവറായ കൂട്ടുകാരൻ ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു.ഞങ്ങൾ നേരെ ഇടപ്പള്ളി പള്ളിയിലേക്കും നിങ്ങൾ ലുലുമാളിലും കറങ്ങിയിട്ടു വരൂ.










ഒരു മണിക്കൂർ സമയം ഉണ്ട്.അത് ലുലുവിൽ തന്നെ ചിലവഴിക്കാം എല്ലാവരും ലുലുവിലേക്കു നടന്നു നീങ്ങി.എല്ലാവരോടും ഒരു പ്രത്യേക സ്ഥലം പറഞ്ഞു.അവിടെ കറക്കം കഴിയുമ്പോൾ തിരിച്ചെത്താൻ നിർദ്ദേശവും നൽകി.ചിലർ സൂപ്പർമാർക്കറ്റിലും..ചിലർ കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളിലും...ചിലർ ഫുഡ് കഴിക്കാനും പോയി.ഞാനും എന്റെ അനന്തിരവനും കൂടെ അവിടെ വരുന്നവരുടെയും പോകുന്നവരുടെയും ചേഷ്ടകൾ നോക്കി നിന്ന്.നിന്ന് ബോറടിച്ചപ്പോൾ നടന്നു ...അങ്ങിനെ നടക്കുന്നതിനിടയിൽ പ്രിയ കൂട്ടുകാരി ബർഗർ ഷോപ്പിൽ ഇരുന്നു മാടി വിളിക്കുന്നു.എന്നാൽ പിന്നെ അവിടേം കയറാം എന്നായി.അവിടെ കയറി ബർഗറും ഉരുളക്കിഴങ്ങു വറുത്തതും കൂട്ടി കഴിച്ചു.കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫോണിന്റെ നിലവിളി.എല്ലാവരും എത്തിയിരിക്കുന്നു.ഇനി ഞങ്ങളും കൂടെ എത്താനുള്ളൂ.ഇപ്പൊ എത്താമെന്ന് പറഞ്ഞു ഞങ്ങളെല്ലാം നേരെ മെട്രോ കയറാൻ നടന്നു.ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോഴും ജനപ്രവാഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല.മെട്രോയും ലുലുമാളിനെയും ബന്ധിപ്പിക്കുന്ന പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്.അതും കൂടെ വന്നാൽ നടപ്പാതയിൽ ഉള്ള തിരക്കിന് ഒരു ശമനം ആയേക്കും.ഞങ്ങൾ ടിക്കറ്റ് എടുത്തു വരുമ്പോഴേക്കും പള്ളിയിലേക്ക് പോയവർ തിരിച്ചെത്തി.ഞങ്ങൾ മുട്ടത്തെക്കുള്ള ട്രെയിൻ കാത്തുനിന്നു.നല്ല തിരക്കുണ്ട്.മുട്ടത്തു വന്നിറങ്ങി ട്രാവലറിൽ കയറി നേരെ വീട്ടിലേക്കു...അപ്പോഴേക്കും പുറകിലെ സീറ്റിൽ അടുത്ത ട്രിപ്പിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു.എന്റെ യാത്രകൾ തുടരുകയാണ്...പറഞ്ഞുവന്നാൽ ജീവിതം തന്നെ ഒരു യാത്രയല്ലേ...ജനനം മുതൽ മരണം വരെയുള്ള യാത്ര....!!!

2017 മേയ് 17, ബുധനാഴ്‌ച

ഏട്ടൻ എന്ന കൂട്ടുകാരൻ

പഠിക്കുന്ന കാലം തൊട്ടേ ഏട്ടന്മാരുള്ള കൂട്ടുകാരികളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അസൂയയായിരുന്നു.അവർ ഏട്ടന്മാരെക്കുറിച്ചു പറയുമ്പോൾ എനിക്കും തോന്നാറുണ്ട് എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ .....!!!
  സ്കൂൾ ജീവിതവും കഴിഞ്ഞു കാലങ്ങൾ കഴിഞ്ഞെങ്കിലും.മനസ്സിൽ നിന്നും ഏട്ടന്മാരെക്കുറിച്ചുള്ള കഥകൾ മാഞ്ഞുപോയിരുന്നില്ല.

ഏട്ടന്റെ കുഞ്ഞുപെങ്ങളായി തല്ലുകൂടിയും കളിയാക്കിയും ഏട്ടന്റെ കല്യാണത്തിന് നാത്തുനാരെ പോലെ ഗമ കാണിക്കാനും ഒരു ഏട്ടനില്ലാതെപോയതിന്റെ വിഷമം ഇപ്പോഴും ഉള്ളിൽ കിടന്നു നീറുന്നുണ്ട്.വല്യമ്മാവന്റെ മക്കളൊക്കെ  ഏട്ടന്മാരുടെ സ്ഥാനത്തു ഉണ്ടെങ്കിലും സ്വന്തം ഏട്ടൻ എന്ന് പറയാൻ പേരിനുപോലും ഒരു ഏട്ടനില്ല.ഉപ്പോളം വരില്ലല്ലൊ ഉപ്പിലിട്ടത്.

ഇപ്പോഴും ഒരു ഹീറോയുടെ സ്ഥാനത്തു എനിക്കിപ്പോഴും ഏട്ടന്മാർ തന്നെയാണ്.എന്റെ അമ്മക്ക് അഞ്ച് ഏട്ടന്മാരാണ് പലപ്പോഴും ഇക്കാര്യത്തിൽ അമ്മയോട് അസൂയ ഉണ്ടാകാറുണ്ട്.അഞ്ചു ഏട്ടന്മാരുടെ കുഞ്ഞുപെങ്ങളല്ലേ.
ഒരു കാര്യം പറയാതെ വയ്യ ...സ്വന്തമല്ലെങ്കിലും എനിക്കും ഉണ്ട് വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടായീസ്.വഴിയിൽ നിന്നും കളഞ്ഞു കിട്ടിയതൊന്നുമല്ലാട്ടോ...നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഇന്റർനെറ്റ് ലോകത്തു നിന്നും തേടിപിടിച്ച എന്റെ ഏട്ടന്മാർ.

ഇപ്പൊ ഇത് എഴുതാൻ തന്നെ കാരണം ഒരു ഏട്ടായിയാണ്.കൊറച്ചു ദിവസമായിട്ടു ഇച്ചിരി പിണക്കത്തിലാണൊന്നു ഒരു സംശയം.പിന്നെ കരുതി പിണക്കമുള്ളിടത്തെ സ്നേഹം ഉണ്ടാവുള്ളുവെന്ന്...ന്നാലും മിണ്ടാതിരിക്കുമ്പോ ഒരു സുഖോം ഇല്ല്യ.

ഏട്ടനാണ് ....ഏട്ടാ...ഏട്ടൻ...



2017 ഏപ്രിൽ 17, തിങ്കളാഴ്‌ച

പിറന്തനാൾ

ഇന്ന് മേടം 4 എന്റെ ജന്മദിനം.....ശെരിക്കും മെയ് 8 നാണു ജനിച്ച തീയതി വരുന്നത്.ഞങ്ങൾ  നക്ഷത്രവും നാളും നോക്കി പിറന്നാൾ ആഘോഷിക്കുന്നവരാണെ....ഇതിങ്ങനെ പറയാൻ കാരണം ഇനി മെയ് 8 നു മുഖപുസ്തകത്തിൽ happy birthday abitha എന്ന് സുക്കറണ്ണൻ വന്നു പറയുമ്പോ നിങ്ങള് പറയൂലെ.....നിനക്ക് കൊല്ലത്തിൽ രണ്ടു ജന്മദിനമാണെന്നു...അതോണ്ടാ ....അതുകൊണ്ടു മാത്രാ ഒരു മുൻകരുതൽ എന്ന് കരുതിയാ മതി.വർണ്ണകടലാസുകൾ കൊണ്ട് പൊതിഞ്ഞ സമ്മാനപ്പൊതികളും മെഴുകുതിരിയെ ഊതിക്കെടുത്തി കേക്ക് മുറിക്കലൊന്നും നടക്കാറില്ലെങ്കിലും കുഞ്ഞുനാളിൽ അയൽവക്കത്തുള്ള വീടുകളിൽ പായസം കൊടുക്കാനായി 'അമ്മ ഉണ്ടാക്കി തരുമായിരുന്നു.ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.ഇന്നെന്റെ ജന്മദിനമാണെന്നു ഞാൻ തന്നെ എന്നെ ഓര്മിപ്പിക്കേണ്ട അവസ്ഥയാണ്.സാദാ ദിവസങ്ങളെപ്പോലെ തന്നെയാണ് ഇന്നും എനിക്ക് തോന്നിയത്.എന്തൊക്കെയാണെങ്കിലും എന്റെ ഏട്ടായി ഇന്ന് വിളിച്ചു ഒരു ആശംസ അറിയിച്ചപ്പോ എന്തോ....ചപ്പുചവറുകൾക്കിടയിൽ നിന്നും ഏറെ പ്രിയപ്പെട്ട ചിലതിനെ മാത്രം നെഞ്ചോടു ചേർത്ത് യാത്രചെയ്യുന്ന ഒരു പ്രതീതി.

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഒരീസം...രാവിലെ

എത്ര പെട്ടെന്നാണ് ഒരു ദിവസം പൊട്ടി വിടരുന്നത്.ഞാൻ ചിലപ്പോ ചിന്തിക്കാറുണ്ട് ഈ സൂര്യനൊന്നും വേറെ പണിയുമില്ലെന്നു.കോഴി കൂകുന്നതിനു മുന്നേ സുന്ദരൻ ഉദിച്ചു അങ്ങോട്ട് വരും.പിന്നെ ബാക്കിയുള്ളവർക്കൊന്നും കിടക്കപ്പായയിൽ കിടക്കാൻ തന്നെ അനുവാദമില്ല.പെണ്ണായി പിറന്നുപോയതിന്റെ ഗുണം.അത് പോട്ടെന്നു കരുതാം.എന്നാൽ വീട്ടിലെ മറ്റുള്ളവർക്കും ഇത് ബാധകമല്ലേ..?, അമ്മയെന്താ എന്നോട് മാത്രം നേരത്തെ എണീക്കാൻ പറയുന്നേ.ഈ പറഞ്ഞത് എന്റെ സഹോദരനും ചെയ്‌താൽ ന്താ...അപ്പോഴും അവിടെ ആൺപെൺ വ്യത്യാസം ഉടലെടുക്കും.

     കാര്യങ്ങളൊക്കെ ഇത്രയായാ സ്ഥിതിക്ക് ഒരീസം ഞാനും അർക്കനെ മറന്നു സുഖസുഷുപ്തിയിൽ സുന്ദര സ്വപ്നങ്ങളും കണ്ടു ഉറങ്ങുകയായിരുന്നു.അടുക്കളയിലെ ദഫ്മുട്ട് കേട്ടാണ് കണ്ണ് തുറന്നതു.കൂടെ അമ്മയും എന്തൊക്കെയോ പിറുപിറുക്കുന്നു.ഒന്നൂടെ ശ്രെദ്ധ കേന്ദ്രികരിച്ചു കേട്ടു നോക്കിയപ്പോൾ കടിഞ്ഞൂൽ പ്രസവത്തിലെ കണ്മണി( ഈ എന്നെ തന്നെ )യെ കുറിച്ചാണ് അവിടെ പറയുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.എന്നാലും വീണ്ടും പുതപ്പിനുള്ളിൽ പിരമിഡുകണക്കെ മൂടിപ്പുതച്ചു കിടന്നു.

        പോത്ത് പോലെ വളർന്നു ....എന്നിട്ടും ഒരു കാര്യഗൗരവം ഇല്ല്യ.കെട്ടിച്ചു വിട്ട പെണ്ണാണ്.ഇങ്ങനെ മൂടിപ്പുതച്ചു ഉറങ്ങുന്നത്.കെട്ടിച്ച പെണ്കുട്ടിയോള് കാലത്തു അതിരാവിലെ എണീറ്റ് വീട്ടിലെ പണികൾ നോക്കും.ഒന്നുമില്ലെങ്കിലും ആ മുറ്റമെങ്കിലും അടിച്ചു തൂത്തൂടെ അതുമില്ല.ഇങ്ങനെയൊക്കെയാണ് ആരോപണങ്ങൾ.

    അതിരാവിലെ തന്നെ എന്നെ പോത്തിനോട് ഉപമിച്ചപ്പോ എനിക്കൊരു സംശയം ഹതഭാഗ്യനായ ഏതെങ്കിലും പോത്ത് റോഡിലൂടെ പോകുന്നുണ്ടോ എന്ന്.ഓടിച്ചെന്നു റോഡിലേക്ക് നോക്കി .,ഇല്ല്യ എന്നെത്തന്നെ എന്നെമാത്രം ഉദ്ദേശിച്ച പറഞ്ഞത്.റോഡിൽ ഒരു പൂച്ചകുഞ്ഞു പോലും ഇല്ല.

    ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് അമ്മയുടെ അടുത്തേക്ക് ചെന്നു.അമ്മെ ഒന്നുമില്ലെങ്കിലും ഞാൻ അമ്മയുടെ മകളല്ലേ പോത്തിനോടൊക്കെ ഒരു മകളെ ഇങ്ങനെ ഉപമിക്കാൻ പാടുണ്ടോ ..നാട്ടാര് കേൾക്കും എന്ന വല്ല ബോധവുമുണ്ടോ

   കേൾക്കട്ടെ...കേൾക്കാൻ വേണ്ടി തന്ന്യാ പറഞ്ഞതും

  അമ്മെ ഇങ്ങള് ന്റെ 'അമ്മ തന്നെ എന്തൊരു തൊലിക്കട്ടി പാവം അച്ഛനെ സമ്മതിക്കണം.

വാൽ കഷ്ണം :- ഇന്നും നേരം വൈകിയാണ് എണീറ്റത്.സ്വന്തം വീട്ടിലാണല്ലോ എന്ന് അഹങ്കരിച്ചു 8 മണി വരെ കിടന്നുറങ്ങി.അതിനുള്ളത് അപ്പൊ തന്നെ കിട്ടുകയും ചെയ്തു.പോത്ത് പോലെ വളർന്നാലും അമ്മേടെ തല്ലു മിസ് ചെയ്യാറില്ല.

2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

 ഞായറാഴ്ച എന്തും സംഭവിക്കാം

ഭാര്യാ ഭർതൃ ബന്ധത്തിൽ വിളിക്കാതെ കടന്നു വരുന്ന അതിഥിയാണ്
സംശയം. അത് ചില കുടുംബങ്ങളിൽ നേരിയ ഭൂചലനങ്ങളും... വലിയ സുനാമി വരെ
ഉണ്ടാക്കാം, ചിലർ ഈ സംശയത്തെ കാര്യമായി ഗൗനിക്കാറില്ല. എന്നാൽ
ചിലയിടത്തൊക്കെ പൊട്ടിത്തെറികളുടെ ബഹളമായിരിക്കും. ഇപ്പോൾ നിങ്ങൾ
ചിന്തിക്കുന്നുണ്ടാകും എനിക്കിതെന്തു പറ്റിയെന്നു ... പ്രാന്ത് ഒന്നും
അല്ല ... നേരിയ തോതിൽ സംശയത്തിന്റെ ചുഴലിക്കാറ്റ് ന്റെ വീട്ടിലേക്കും വീശി...!

ആറ്റുനോറ്റു ഒരു കഥ എഴുതാനിരുന്നത... ഓ അവളൊരു കഥ എഴുത്തുകാരി
എന്ന ഭാവമല്ലേ ഇപ്പൊ നിങ്ങളുടെ മുഖത്തു വന്നത് .. അത് സ്വാഭാവികം, ഈ ഭാവം
തന്ന്യാ എന്റെ കെട്ടിയോന്റെ മുഖത്തും പ്രതിഫലിച്ചത്. പ്രതിഫലനം കൂടി
പോയതുകൊണ്ട് ഡ്രസ്സ് മാറി പുറത്തേക്കു പോകുന്നത് കണ്ടു.

ആഹാ.. സ്വസ്ഥം.. ഭാര്യക്ക് കഥ എഴുതാൻ അവസരം ഒരുക്കി കൊടുക്കുന്ന
സ്നേഹനിധിയായ ഭർത്താവ്.

വെൽ ഡൺ മൈ ബോയ് എന്ന് പറയാൻ എന്റെ നാവു കൊതിച്ചു ... എന്നാലും പുറത്തു വന്നില്ല.

വീണ്ടും കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചു മിനിട്ടു
കഴിഞ്ഞില്ല കോളിംഗ് ബെല്ലിന്റെ ഗർജ്ജനം. കഥയുടെ ഫ്‌ലോ പോയല്ലോ എന്ന്
വിഷമിച്ചു മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നു. ഭാര്യക്ക് കഥയെഴുതാൻ അവസരം
കൊടുത്ത അതെ ഭർത്താവ് തന്നെയാണ് വന്നിരിക്കുന്നത്.

"ഇന്ന് രാത്രിക്കു കൊഴുവ വറുത്തതും ചാള കറിയും മതി..." ഒരു കവർ
മുന്നിലേക്ക് നീട്ടി ഒരാജ്ഞാ ...

കഥയെഴുത്തിനുള്ള പണി മീനിന്റെ രൂപത്തിൽ കിട്ടി എന്ന് സാരം ..

"നിങ്ങളൊരു ഭർത്താവാണോ.... മനുഷ്യാ.? ഭാര്യയുടെ കഴിവുകളെ
പ്രോത്സാഹിപ്പിക്കുകയല്ലേ ഒരു ഭർത്താവ് ചെയ്യേണ്ടത് .. അതിനു പകരം കൊറേ
മീനും കൊണ്ട് വന്നു അവളുടെ ജീവിതം കറി ചട്ടിയിലെ മീൻ പോലെ ആക്കിയാലോ..... നിങ്ങളോടു ദൈവം ചോയിക്കും .."

ഇത്രയും പറഞ്ഞുകൊണ്ട് ബാക്കിയുള്ള രോഷം മീനിനോട് തീർക്കാനായി
അടുക്കളവശത്തേക്കു പാഞ്ഞു. പറയാൻ വാക്കുകൾ കിട്ടാഞ്ഞിട്ടല്ല. ഇനിയും നിന്ന് പറഞ്ഞാൽ വായിലെ പല്ലിന്റെ എണ്ണം കുറയുമല്ലോ എന്ന് കരുതി മാത്രം
അടുക്കളവശത്തേക്കു പായുന്നതിനിടയിൽ അകത്തു നിന്നും ഒരു അശരീരി.... നീ... എന്നോടുള്ള രോഷം ദയവു ചെയ്തു ആ മീനിനോട് തീർക്കരുത്... കഴിക്കാൻ മീനിന്റെ മുള്ള് അല്ല എനിക്ക് വേണ്ടത് പറഞ്ഞേക്കാം... ഹല്ലാ പിന്നെ

വൈകുന്നേരം ഊണും കഴിഞ്ഞു സ്വസ്ഥമായി ഇരിക്കുമ്പോൾ ... കെട്ടിയോൻ അടുത്തു വന്നിരുന്നു,.. (ഈ വരവ് ഉപദേശത്തിനാണെന്നു മാത്രം.. ന്നിട്ടും ഞാൻ നന്നാവോ അതും ഇല്ല്യ ) 
എടീ... ഞാൻ എനിക്ക് മീൻകറി തിന്നാനുള്ള മോഹം കൊണ്ടല്ല മീൻ വാങ്ങി കൊണ്ട് വന്നേ... നീയാ ടാബിൽ കുത്തികളിക്കുന്ന കണ്ടിട്ട് തന്ന്യാ...

അല്ലെങ്കിലും ഞാൻ വെറുതെ ഇരിക്കുന്നത് നിങ്ങള്ക്ക് കണ്ടൂടല്ലോ

അതല്ലെടി... നീ വെറുതെ അല്ലല്ലോ ഇരിക്കണേ.. നെറ്റ് ഓൺ ചെയ്തു ടാബിൽ അല്ലെ ..
അതിനെന്താ.. വീട്ടിലെ മുഴുവൻ പണികളും കഴിഞ്ഞു ഇച്ചിരി നേരം നെറ്റ് ഓൺ ചെയ്താ ന്ത ഇപ്പൊ വരാൻ പോണേ... നിങ്ങളോടു ഞാൻ പറഞ്ഞതുമാണ് .. ഞാൻ കഥ എഴുതാൻ ഇരിക്ക്യാണ് എന്ന് എന്നിട്ടും ഇങ്ങള് എനിക്ക് പണി തന്നില്ലേ..

ഓ അവളൊരു കഥ എഴുത്തുകാരി .. നീയെന്താ കമല സുരയ്യ ആവാൻ പോവാണോ... വീട്ടുകാര്യം നോക്കിയിട്ടു മതി ... നിന്റെ കഥയെഴുത്ത് 
ഇതിനും മാത്രം ഞാൻ എന്നാ തെറ്റ് ചെയ്തു ....?

തെറ്റൊന്നും ചെയ്തില്ല .. തെറ്റ് ചെയ്യാണ്ടിരിക്കാനാ ഉപദേശിച്ചത് ...
ഇതിനും മാത്രം ഇവിടെ ന്താ ഇണ്ടായേ ...? 
എഫ് ബിയും വാട്ട്സ് ആപ്പും .. ഒക്കെ നോക്കി ഇരുന്നു ഓരോരുത്തർ വഴിപിഴച്ചു പോകുന്ന കാലമാണ്... അപ്പോഴാ അവളുടെ ഒരു കഥയെഴുത്ത്
ഇപ്പൊ മനസ്സിലായി .... ഇത് അസൂയ .. മുഴുത്ത അസൂയയാണ് .. ഇങ്ങളുടെ.. കൂട്ടുകാരൻ ന്തേലും കുനുഷ്ട്ട് പറയുന്നതും കേട്ട് ഇബടെ വന്നു തല്ലൂട്ടം ഇണ്ടാക്കാനല്ലേ... അത് നടക്കില്ലാട്ടാ

നിങ്ങക്ക് എന്നെയാണോ അതോ കൂട്ടുകാരനെയാ വിശ്വാസം ....
നിന്നെ തന്നെ ..
ന്നിട്ടാണോ ... ഇത്രയൊക്കെ പറഞ്ഞത് ...
അതല്ലെടി .. എങ്ങാനും ഏതേലും കോന്തൻ .. നിന്നെയും വളച്ചെടുത്തു കൊണ്ടുപോയാൽ ന്റെ കാര്യം കഷ്ട്ടാവില്ലേ ...
ന്തു കഷ്ട്ടം നിങ്ങക്ക് പരമസുഖാവും ന്നു എനിക്കറിയാം 
ഹേയ്.. ഇല്ലടി... ഈ കൊണ്ടുപോകുന്നവന് അറിയില്ലല്ലോ നിന്റെ ശെരിക്കുള്ള സ്വഭാവം .... ആര് വന്നു കൊണ്ടുപോയാലും നിന്നെ ഇവിടെ തന്നെ കൊണ്ടാക്കും.
എന്റെ സ്വഭാവത്തിന് ഇപ്പൊ എന്ന കൊഴപ്പം 
നിന്റെ സ്വഭാവത്തിന് ഒരു കൊഴപ്പവും ഇല്ല്യ പത്തു കൊല്ലമായി സഹിക്കുന്ന എന്നെ പറഞ്ഞാ മതിലോ..  കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് കേട്ടിട്ടുണ്ട് .. എന്റെ കാര്യത്തിൽ അത് ഭാര്യയായെന്നു മാത്രം. സംഭവാമി യുഗേ യുഗേ ....!!!

വാൽകഷ്ണം :-സംശയത്തിന്റെ കരിനിഴലുകൾ നിങ്ങളുടെ ജീവിതത്തിന്റെയും ബാധിച്ചേക്കാം ...പക്ഷെ അവിടെ തുറന്ന ഒരു സംഭാഷണം ഉണ്ടായാൽ ഈ നിഴലുകളെ തുരത്തി ഓടിക്കാമെന്നാണ് എന്റെ ഗവേഷണത്തിൽ തെളിഞ്ഞത്...

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല 


വളരെ അപ്രതീക്ഷിതമായി കടന്നു വന്നവരാണ് എന്റെ ചില സുഹൃത്തുക്കൾ.എന്നെ അടുത്തറിയാവുന്ന എന്റെ മനസ്സെന്താണെന്നു അറിയാവുന്നവർ.അവരെ ഞാൻ സുഹൃത്തെന്നതിലുപരി മനസ്സിൽ കൊണ്ട് നടക്കുന്നു .....അതായിരിക്കാം നിർവചിക്കാൻ പറ്റാത്ത ആ ബന്ധം.മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് അറിയില്ല.ചിലപ്പോഴൊക്കെ പറഞ്ഞത് അനുസരിക്കാതെ ഒത്തിരി തവണ ചീത്ത കേട്ടിട്ടുണ്ടെങ്കിലും ആ ശാസനകൾ എല്ലാം ഒരു സുഖമായിരുന്നു.ഇത്തവണ അത് കാര്യമായിപ്പോയി അതിന്റെ പേരിൽ ആ ബന്ധത്തിന്റെ ഏട്  തന്നെ കീറി കളയണമായിരുന്നോ ...? സ്വന്തമല്ലെന്നു അറിയാം എങ്കിലും .....എങ്കിലും വേണ്ടായിരുന്നു ........ജന്മ ബന്ധത്തെക്കാൾ കർമ്മ ബന്ധത്തിനാണ് സ്ഥാനമുള്ളതു എന്ന് എനിക്കറിയാം.സുഹൃത്തിന്റെ പരിമിതികളില്‍ നിന്നും സാഹോദരങ്ങളുടെ അധികാരത്തിലേക്ക് മാറ്റപ്പെട്ട ബന്ധങ്ങളുമുണ്ട്...അതുപോലെ എനിക്ക് എന്റേത് മാത്രമായി തോന്നിയ വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടന്മാർ എനിക്കുണ്ടെന്ന വിശ്വാസം പാടെ തകരരുതെന്നു കാലത്തിനോട് കേണപേക്ഷിക്കുന്നു.കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നു അറിയാം എന്നിരുന്നാലും ഏട്ടന്മാർക്ക് ഈ അനിയത്തിയുടെ ക്ഷമാപണം .....!!!