2025 മാർച്ച് 10, തിങ്കളാഴ്‌ച

മെൻസ്ട്രൽ കപ്പ്

 

മെൻസ്ട്രൽ കപ്പ് ഈ..... കപ്പിനെക്കുറിച്ചു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും എന്താണ് എങ്ങനെയാണ് എന്നറിയാൻ ഇത് വരെ മെനക്കെട്ടിട്ടില്ല എന്നതാണ് വാസ്തവം. എന്നാപ്പിന്നെ അറിയാനായി യൂ ട്യൂബും ഗൂഗിൾ അമ്മാവനോടും ചോദിച്ചപ്പോൾ കുറെയേറെ മനസ്സിലാക്കാൻ സാധിച്ചു. ജീവിതത്തിൽ വലിയ ഗപ്പൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഈയൊരു ഗപ്പ് സ്വന്തമാക്കാൻ ഞാനും ഒരു തീരുമാനമെടുത്തു. തപാലിലൂടെ സൈക്കിൾ ചവിട്ടു പഠിച്ച പോലെയാണല്ലോ യൂ ട്യൂബിലൂടെയും ഗൂഗിളിലൂടെയും മെൻസ്ട്രൽ കപ്പിനെക്കുറിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുന്നത്. അതുകൊണ്ട് സ്വയം ഉപയോഗിച്ചു നോക്കാതെ എങ്ങനെ ഞാനിതിനെക്കുറിച്ചു എഴുതും.

സത്യത്തിൽ പാഡ് കമ്പനിക്ക് നന്നായി ലാഭം ഉണ്ടാക്കി കൊടുത്തിരുന്ന ഒരു കസ്റ്റമർ ആയതുകൊണ്ടും എന്റെ പോക്കറ്റ് ഇതിനും മാത്രം ആയി കാലിയായി കൊണ്ടിരിക്കുന്നതു കൊണ്ടുമാണ് ഈ കപ്പ് ഒന്ന് വാങ്ങാൻ കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. ദിവസത്തിൽ ഒരു പാക്കേറ്റ് പാഡ് വില 40-50 നും ഇടയിൽ ഒരു ദിവസം ഇത്രയും പൈസ വെച്ച് അഞ്ചാറു ദിവസത്തേക്ക് പിന്നെ പറയണ്ട കാര്യമില്ലല്ലോ....?

       അങ്ങനെ ആ സുദിനം വന്നെത്തി സുഹൃത്തുക്കളെ ആദ്യദിവസം പാഡിൽ തട്ടിമുട്ടി തീർത്തു. സാധനം വാങ്ങിയിട്ടില്ല. ഓഫീസ് കാര്യങ്ങൾക്ക് പുറത്തുപോകുന്നതിനിടയിൽ ഒരു ഉൾവിളിപോലെ തോന്നി. നേരെ മെഡിക്കൽ സ്റ്റോറിലേക്ക്. കടയിൽ അധികം തിരക്കുണ്ടാവരുതേ എന്നാ പ്രാർഥനയിൽ ആണ് കയറിയതെങ്കിലും. സാമാന്യം  നല്ല തിരക്ക് ഉണ്ടാരുന്നു. പിന്നെ നോക്കിയത് കടയിൽ ലേഡീസ് സ്റ്റാഫ്‌ വല്ലവരും ഉണ്ടോ എന്നായിരുന്നു. നോക്കുമ്പോൾ ഒരാൾ ഉണ്ട്. ആ ചേച്ചിയാണെങ്കിൽ കടയിൽ തലങ്ങും വിലങ്ങും ഓടികൊണ്ടിരിക്കുന്നു. എനിക്ക് പറയാൻ ഒരു അവസരം തരണ്ടേ...? ചേച്ചിയുടെ തിരക്കൊന്നു ഒഴിഞ്ഞപ്പോൾ മെൻസ്ട്രൽ കപ്പ് മീഡിയം വേണമെന്ന് പറഞ്ഞു. സംഭവം ആ ചേച്ചി ഒഴികെ ആരും കേട്ടിട്ടില്ല എന്നുറപ്പാക്കി നിന്നപ്പോഴുണ്ട് വെടിപൊട്ടുമാറുച്ചത്തിൽ ചേച്ചി അവിടത്തെ ഒരു male സ്റ്റാഫിനോട് മെൻസ്ട്രൽ കപ്പ് മീഡിയം എന്ന് ഉറക്കെ വിളിച്ചു പറയുന്നു. തലയിലൂടെ സാരിതലപ്പുകൊണ്ടു മൂടി ഇറങ്ങിയോടിയാലോ എന്ന് തോന്നിയതാ... അവസ്ഥ അതായതുകൊണ്ട് കടിച്ചുപിടിച്ചു നിന്നു. സാധനം കയ്യിൽ കിട്ടിയതും ക്യാഷ് കൊടുത്ത് അവിടെ നിന്നും സ്ഥലം കാലിയാക്കി.

എത്രയും പെട്ടെന്ന് വീടെത്തണം. എന്നാ ചിന്തയിലായിരുന്നു. പിന്നെ ഡ്യൂട്ടി കഴിഞ്ഞു വീടെത്തി. സംഭവം ഒന്ന് പരീക്ഷിക്കാൻ ബാത്‌റൂമിലേക്ക് കപ്പും കൊണ്ട് ഓടിക്കേറി. വന്നാലുടനെ കുളിക്കുന്നതല്ലേലും ഇന്ന് ഇവൾക്കിതെന്തു പറ്റി എന്ന് കണവനും തെറ്റിദ്ധരിച്ചു.
   
  കുളിക്കാൻ കയറിയിട്ട് അരമണിക്കൂർ കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായപ്പോൾ കണവൻ വീണ്ടും വാതിലിൽ തട്ടിമുട്ടി വിളിച്ചു. മനുഷ്യനെ മനസ്സമാധാനം ആയി കുളിക്കാനും സമ്മതിക്കില്ല എന്ന് ഒച്ച വെച്ചപ്പോൾ. നീ അവിടെ കുളിക്കാണോ അതോ ഇരുന്നു ഉറങ്ങാണോ എന്നറിയാൻ വിളിച്ചതാണ് എന്ന് പറഞ്ഞു ആളും പോയി. ഇവിടെ ആയുധം വെച്ചുള്ള കളിയാണെന്ന് അങ്ങേർക്കു അറിയില്ലല്ലോ....?

       യൂ ട്യൂബിൽ പറഞ്ഞപോലെ എങ്ങനെ ഫോൾഡ് ചെയ്യണം എന്നൊക്കെ ആക്കി ഇൻസർട്ട് ചെയ്തപ്പോ സംഭവം കയറുന്നില്ല. അബീ കൂൾ... ആവു മൈൻഡ് ok ആക്കു എന്ന് സ്വയം പുലമ്പി. കുറെ നേരത്തെ കഷ്ടപ്പാടിന് ശേഷം എങ്ങനെയോ സംഭവം അകത്തു കയറി. ഇനിയുള്ള ടെൻഷൻ സംഭവം കറക്റ്റ് ആയി തന്നെയല്ലേ ഇരിക്കുന്നത് എന്നായിരുന്നു. കുളി കഴിഞ്ഞു വന്ന് അങ്ങോട്ടും ഇങ്ങോട്ടും അഞ്ചാറു തവണ ഉലാത്തി. അങ്ങനെ ഒരു സംഭവം വെച്ചിട്ടുണ്ടെന്നു തന്നെ അറിയുന്നില്ല. ഇനി എങ്ങാനും അകത്തേക്ക് കയറിപോയോ ദൈവമേ....! വലിച്ചു പുറത്തെടുക്കാൻ ഇനി ഹോസ്പിറ്റലിൽ പോയി നാണം കെടേണ്ടി വരോ... എന്നൊരു ആശങ്ക ഇല്ലാതില്ല. എന്തായാലും ഒരു കാര്യത്തിനു ഇറങ്ങിത്തിരിച്ചു ഇനിയൊക്കെ വഴിയേ വരുന്നപോലെ...

  ഉറങ്ങാൻ കിടന്നപ്പോഴും രാവിലെ എണീക്കുമ്പോൾ നല്ല സീനാകും എന്നാ പേടിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു. നേരെ കുളിക്കാനാണ് ഓടിയത്. ബെഡ് ഷീറ്റിൽ മാക്സിയിൽ ഒന്നും ഒന്നും സംഭവിച്ചിട്ടില്ല. രക്തക്കളം പോയിട്ട് ഒരു പാട് പോലും ഇല്ല. ആഹാ സംഭവം സക്സസ്. ഒരു തുള്ളിപോലും ലീക്കില്ല.

  "എടാ  വിജയാ....
എന്താടാ ദാസാ....
ഈ ബുദ്ധി നമുക്ക് എന്താ നേരത്തെ തോന്നാഞ്ഞത്....
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..... ☺️"

എനിക്ക് സമയമായതു ഇപ്പോഴാണെന്ന് മാത്രം... ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. എനിക്ക് ഈ periods വരുന്ന ദിവസങ്ങളിൽ വല്ലാത്ത ഇരിട്ടേഷനും ടെൻഷനും അതുപോലെ ബ്ലീഡിങ്ങും കൂടുതൽ ഉള്ള ദിവസങ്ങൾ ആണ് (മിക്കവര്ക്കും ഇങ്ങനെ തന്നെ )ഈ സംഭവം ഉപയോഗിച്ച് തുടങ്ങിയതിൽ പിന്നെ ടെൻഷൻ ഫ്രീ...

ടെൻഷൻ വേറൊന്നും കൊണ്ടല്ല ബ്ലീഡിങ് ഹെവി ആയതുകൊണ്ട് ബാക്കിൽ സീൽ അടിക്കുമോ എന്നാ പേടി... എണീക്കുമ്പോഴും ഇരിക്കുമ്പോഴും ഡ്രെസ്സിൽ ആകുമോ എന്നാ പേടി..... ഇപ്പോൾ ആ പേടി ഇല്ലാ. പരസ്യത്തിലെ പെണ്ണുങ്ങൾ ഓടി ചാടി നടക്കുമ്പോൾ എനിക്ക് ആ ദിവസങ്ങൾ നേരെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. ഈ കപ്പ് കിട്ടിയെപ്പിന്നെ ഓടാം ചാടാം പരസ്യത്തിലെ ചേച്ചിമാരെ പോലെ എങ്ങനെ വേണേലും ഓടിച്ചാടി നടക്കാം...

     പിന്നെ ഒരു കാര്യമുള്ളത് ഈ മെൻസ്ട്രൽ കപ്പ് വാങ്ങിയില്ലേൽ ഓഫീസിൽ വന്ന് നാറ്റിക്കും എന്ന് പറഞ്ഞ പ്രിയ സുഹൃത്തെ നന്ദി... ആ പേടികൊണ്ടാണെങ്കിലും ഒരു മെൻസ്ട്രൽ കപ്പ് വാങ്ങി ഉപയോഗിച്ചു വരാനിരിക്കുന്ന നല്ല ദിവസങ്ങൾ എനിക്ക് മനോഹരമാക്കാൻ കഴിയുമെന്ന കോൺഫിഡൻസ് നൽകിയ പ്രിയ സുഹൃത്തെ വീണ്ടും നൻഡ്രി ഡാ നൻബാ... 😘🥰😍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ