2019 മേയ് 6, തിങ്കളാഴ്‌ച

എസ് എസ് എൽ സി ഒരോർമ്മ



   പത്താം തരത്തിലേക്ക്  ജയിച്ച സമയം.രണ്ടു മാസത്തെ അവധി മുഴുവനായി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നു സാരം.അതിനുമുമ്പേ സ്‌പെഷൽ ക്ലാസ് തുടങ്ങിയിരുന്നു.പോരാത്തതിന് ഇംഗ്ലീഷ് ഗ്രാമറും.ഈ ഇംഗ്ലീഷ് ഗ്രാമർ കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല ഇതുവരെ.ആംഗലേയ ഭാഷ പണ്ട് മുതലേ ന്റെ ആജന്മ ശത്രുവാണ്.ഈ ഇംഗ്ലീഷ് കാരണം ക്‌ളാസിൽ പോകാൻ തന്നെ മടിയായിരുന്നു.പോരാത്തതിന് വീട്ടിൽ നിന്നും ഉപദേശത്തിന്റെ സന്മാർഗ പാഠങ്ങൾ പറഞ്ഞു തരാൻ ആളുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു.ഇപ്പൊ എന്റെ പക്ഷം പറയാൻ അച്ഛമ്മ മാത്രം.എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക്  അച്ഛമ്മയും കരിങ്കാലി ആകാറുണ്ട്.
      പഠിക്കണ്ടേ പത്താം തരം അല്ലെ പഠിച്ചു 10 പാസ്സായില്ലെങ്കിൽ പാഴ്ജന്മാമാകും എന്നൊക്കെയുള്ള ഉപദേശങ്ങൾ കേട്ട് കേട്ട് മടുത്തു.ആകെയുള്ളൊരാശ്വാസം സഹപാഠികളായ കുറച്ചു പെൺസുഹൃത്തുക്കൾ ആണ്.എല്ലാരും തുല്യ ദുഖിതരാണല്ലോ.

     അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന് കേട്ടിട്ടില്ലേ.ശരിക്കും എന്റെ ജീവിതത്തിലും അതാണ് സംഭവിച്ചത്.അന്നൊക്കെ ആൺസുഹൃത്തുക്കളെ എനിക്കറിയകൂടി ഇല്ലായിരുന്നു.പിന്നീട് കൊല്ലങ്ങൾക്കുമിപ്പുറം അവരെ ഒരു കുടക്കീഴിൽ വരുത്താൻ സാധിച്ചു.ഇപ്പൊ ഞങ്ങ കട്ട ചങ്കുകളാണ് ട്ടോ.

     പത്താം തരത്തിൽ ഞങ്ങളുടെ ക്ലാസ് മാഷ്ഡെന്നി മാഷിന് പകരം പുതിയൊരു മാഷ് ജോയിൻ ചെയ്തത്.ഡെന്നി മാഷ് വയ്യായ്ക കാരണം ഹോസ്പിറ്റലിൽ ആയിരുന്നു.പിന്നീടാണ് മാഷ് മരണപെട്ടു എന്ന വിവരം അറിയുന്നത്.പുതിയ മാഷിന്റെ പേര്  പിന്റോ എന്നായിരുന്നു.സൂപ്പർ ചുള്ളൻ മാഷ്.ഇപ്പൊ മാഷ് ബല്ല്യ നടൻ ഒക്കെ ആണുട്ടോ.( വായ്നോട്ടം അന്നും ഒരു കലയാണ്  അതിപ്പോ മാഷായാലെന്താ കുട്ടികളായാലെന്താ, ഞാൻ മാത്രല്ല ന്റെ സഹപാഠികളും )എന്തായാലും പുതിയ മാഷിനെ ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

        ദിവസങ്ങളും മാസങ്ങളും കണ്ണടച്ച് തുറക്കുമ്പോഴേക്കും പൊയ്ക്കൊണ്ടിരുന്നു.അവസാനം ഞങ്ങളുടെ സെന്റ് ഓഫ് ദിവസം വന്നെത്തി.സെന്റ് ഓഫിനാണ് എല്ലാവരെയും ശെരിക്കും ഒന്ന് പരിചയപ്പെടുന്നത് തന്നെ.നഷ്ട്ടപ്പെട്ട ദിവസങ്ങളെ ക്കുറിച്ചു അപ്പൊ വിഷമം തോന്നി.മിണ്ടാപൂച്ചയെ പോലെ ഇരുന്ന പലരും അന്ന് വാ തോരാതെ സംസാരിച്ചു.ശരിക്കും അതിശയം തോന്നിപ്പോയി.അന്ന് തിരിച്ചു വീട്ടിലേക്കു പോകാൻ ആർക്കും മനസ്സ് വന്നില്ല.ആ ദിവസം കഴിഞ്ഞു പോകാതിരുന്നെങ്കിൽ എന്ന് വരെ ആശിച്ചു പോയി.വീട്ടിലേക്കു പോകും വഴി എല്ലാവരും ഒരുമിച്ചു നടന്നു സംസാരിക്കുകയായിരുന്നു.

      സെന്റോഫിനു മാഷുമ്മാർ തന്ന മോട്ടിവേഷൻ തീയറി ഒക്കെ വീടെത്തിയപ്പോഴേക്കും ആവിയായിപ്പോയി.എന്നിരുന്നാലും കണക്കു കൂട്ടലുകൾക്കു ഒരു കുറവും സംഭവിച്ചില്ല.ഇന്ന് ഹിസ്റ്ററി നാളെ ജോഗ്രഫി മറ്റന്നാൾ ബയോളജി എന്നിങ്ങനെപോകുന്നു റിവിഷൻ കണക്കു കൂട്ടലുകളുടെ നീണ്ട നിര.

     സ്റ്റഡി ലീവെന്നു പറഞ്ഞാൽ തീറ്റ ഉറക്കം ടീവി കാണൽ ഇത് മാത്രമായി പോകുമായിരുന്ന സമയത്തു വീടിന്റെ അകത്തളങ്ങളിൽ ഇരുന്നു പഠിച്ചിട്ടു തലയിൽ കയറാത്ത കാരണം വീടിന്റെ പുറത്താക്കാം ഇനി പഠനം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.മുറ്റത്തൊരു കസേരയും കൊണ്ടിട്ടിരുന്നു കാറ്റും കൊണ്ടിരിക്കുമ്പോഴാണ് മനസ്സിനെ ആട്ടി ഉലക്കുന്ന ആ സംഭവം ഞാൻ കാണാൻ ഇടയായത്.തൊട്ടപ്പുറത്തെ വീട്ടിലിരുന്ന് ഒരു പെൺകുട്ടി പഠിക്കുന്നു.അന്വേഷിച്ചു വന്നപ്പോളാണ് അറിഞ്ഞത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ചേച്ചിയുടെ മകളാണെന്ന്‌  പേര് സുജിത. ഇനീപ്പോ ഇതും കൂടി ന്റെ 'അമ്മ കണ്ടു വന്നാൽ മനുഷ്യന് കിടക്കപ്പൊറുതി ഇണ്ടാവില്ല. കണ്ടു പഠിക്കടി എന്നാകും ഉപദേശം.സ്വദവേ സ്വന്തം  മക്കളെക്കാളും മറ്റുള്ളവരുടെ കുട്ടികളെ പ്രശംസിക്കുന്നതിലാകും അമ്മാമാർക്കു എന്നും ഹരം.സ്വന്തം മക്കൾ അതിൽ നീറി പുകയുന്നുണ്ടോന്നു അവരോർക്കാറില്ല.

  സത്യത്തിൽ അവൾ എനിക്കൊരു വമ്പൻ പാര ആയിരുന്നു.അതിരാവിലെ എണീറ്റോക്കെ പഠിക്കുമത്രെ.മനുഷ്യന്റെ ഉറക്കം കളയാൻ അല്ലാതെന്തു പറയാനാ...ഇവിടെ ന്റെ മാതാശ്രീ അപ്പൊ തുടങ്ങും രാമായണ പാരായണം. " സോപ്പ് വെള്ളമാക്കാനും ചോറ് .......ആക്കാനും മാത്രേ ഇവിടെ ഉള്ളവരെ കൊണ്ട് ഉപകാരമുള്ളു. ഇതിലും ഭേദം രണ്ടു പോത്തുകളെ വളർത്തുന്നതാണ് വീടിനെങ്കിലും ഉപകാരം ഉണ്ടായേനെ." ( അല്ലെങ്കിലും പണ്ടേ എന്നെ പോത്തുകളോട്  ഉപമിക്കാൻ 'അമ്മ  മിടുക്കിയാണ്.സ്വന്തം ഭവനത്തിൽ കൃഷിയും പോത്തും പശുവും  എരുമയും ഒക്കെ ഉണ്ടെന്നു വെച്ച്  സ്വന്തം മക്കളെ ഇങ്ങനെ തരം താഴ്ത്തി കെട്ടാമോ ? )

          സ്റ്റഡി ലീവാണെലും ക്രിക്കറ്റ് അത് ടീവിയിൽ വന്നാൽ ഇമ്മള്  വിടൂല്ലാട്ടോ.കുത്തിയിരുന്നു കാണും .'അമ്മ ജോലിക്കു പോകുന്നതുവരെ പുസ്തപുഴുവായും പോയിക്കഴിഞ്ഞാൽ ടീവി പുഴുവായും .ക്രിക്കറ്റ് പ്രാന്തന് കളിയാണേലും  ഇമ്മടെ സച്ചിനും രാഹുലും ദ്രാവിഡും ഒക്കെ ബാറ്റിങ്ങിനായി ഇറങ്ങുമ്പോഴുള്ള ആവേശമുണ്ടല്ലോ  അത് പറഞ്ഞറിയിക്കാൻ പറ്റില്ല.

      അങ്ങനെ തല്ലു കൂടിയും തല പൊളിച്ചും സ്റ്റഡി ലീവ്‌ തീർന്നു കിട്ടി.
SSLC എക്സാം ദിവസം ആദ്യ പരീക്ഷ ന്റെ ആജന്മശത്രു ഇംഗ്ലീഷ് .അമ്പലത്തിൽ പോയി ദൈവത്തിനെ ഒന്ന് സോപ്പിട്ടു.താൻ പാതി ദൈവം പാതി എന്നാണല്ലോ.ദൈവത്തിന്റെ പാതി തന്നാൽ ഞാൻ ജയിക്കും അതുകൊണ്ടു അങ്ങേരോട് ഒരു ടൈഅപ്പിനു വേണ്ടി പോയതാണ്.നേരത്തെ തന്നെ ക്ലാസിലെത്തി.ബോക്സ് തുറപ്പൊഴാ ഹാൾടിക്കട്റ്റ് എടുക്കാത്ത കാര്യം ഓര്മ വന്നത്.അപ്പൊ തന്നെ ഹെഡ്മാ ഷിന്റെ റൂമിലേക്ക് ഒരോട്ടമാണ്.അദ്ദേഹത്തിന്റെ കാലുപിടിച്ചും ഒരു ലെറ്റർ ഒപ്പിച്ചാണ് എക്സാം ഹാളിൽ എത്തിയത്.വന്നിരുന്നതും  എന്റെ ബെഞ്ചിലിരിക്കുന്നതു ഒരു ആൺകുട്ടി.
 ശ്ശെടാ വല്യ പൊല്ലാപ്പായിപ്പോയല്ലോ  ചോദിച്ചിട്ട് എഴുതാം എന്ന് വെച്ചാൽ അവൻ ആലുവാ മണപുറത്തു വെച്ചു കണ്ട പരിചയഭാവം പോലും ഇല്ല.എങ്കിലും അവനെ കണ്ണുരുട്ടി പേടിപ്പിക്കാതിരുന്നില്ല.പരീക്ഷകളൊക്കെ നന്നായി ഉരുട്ടിയുരുട്ടി റെയ്‌നോൾസ് പേന കൊണ്ട് എഴുതി തീർത്തു.പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് അച്ഛനും അമ്മയ്ക്കും ഒരേ മറുപടിയാണ് ഞാൻ സമ്മാനിച്ചത്. ചോദ്യങ്ങളൊക്കെ വളരെ എളുപ്പമായിരുന്നു.ഉത്തരം എഴുതാൻ ഞാൻ  വളരെ കഷ്ട്ടപെട്ടു.വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.ഇനി വരും പോലെ വരട്ടെ..

        റിസൾട്ട് വരുന്നതുവരെ ഞാൻ വളരെ വളരെ ഹാപ്പി ആയിരുന്നു.റിസൾട്ട് വരുന്നതിന്റെ തലേദിവസം പേടിച്ചിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല ഇനിയെങ്ങാനും തോറ്റുപോയാലോ മുൻകരുതൽ എടുക്കണ്ടേ.തോറ്റാൽ നാട് വിടണോ അതോ ആത്മഹത്യയോ .,? പല പല ആലോചനകളും മനസ്സിലൂടെ കടന്നുപോയി.അതിരാവിലെ പത്രം വന്നപ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ പറഞ്ഞത് എന്റെ നമ്പർ പേപ്പറിൽ ഇല്ലാന്ന്.പോരെ പൂരം.അത് കേട്ടതും അമ്മയുടെ വക ചീത്ത വിളി തുടങ്ങിയതും ഒരുമിച്ചായിരുന്നു.പിന്നീട് ഒന്നും മിണ്ടാൻ നാവു പൊങ്ങിയില്ല.ശരീരം തളർന്നുപോകുന്ന പോലെ ഒക്കെ തോന്നി റൂമിൽ കയറി മുകളിലേക്കു നോക്കി കരച്ചിലോടു കരച്ചിൽ.അന്ന് രാത്രി എല്ലാവരും ഉറങ്ങിയശേഷം ആത്മഹത്യ ചെയ്യാം എന്ന കടുത്ത തീരുമാനം വരെ എടുത്തു.

      എന്നാലും ന്റെ അച്ഛൻ മാത്രം ഞാൻ തോറ്റു എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാട്ടോ. ഞാനറിയാതെ അച്ഛൻ സ്കൂൾ വരെ പോയി റിസൾട്ടിന്റെ കാര്യം അറിയാൻ.10 -തരത്തിൽ ഒരു പെൺകുട്ടി പോലും തോറ്റിട്ടില്ലെന്നും.ആകെ മൂന്ന് ആൺകുട്ടികളാണ് തോറ്റതെന്നും സ്കൂളിന് 97 % വിജയം ഉണ്ടെന്നും .തോറ്റ കുട്ടികളിൽ ഒരു കുട്ടി പരീക്ഷ എഴുതാൻ പറ്റാതെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും അപ്പോൾ അറിയാൻ കഴിഞ്ഞു.

     തിരിച്ചു വരുന്ന വഴി അച്ഛൻ ലഡ്ഡു വാങ്ങിയിട്ടാണ് വന്നത്.പിന്നീട് ഒന്നൂടെ നോക്കിയപ്പോഴാണ് സെക്കന്റ് ക്ലാസ് ഉണ്ടെന്നറിഞ്ഞത്.വെറുതെ കണ്ണീരു വെയ്സ്റ്റാക്കി .കടുത്ത തീരുമാനങ്ങളെ കാറ്റിൽ പറത്തി കളഞ്ഞെങ്കിലും അടുത്ത വീട്ടിലെ കുട്ടിക്ക് എത്ര മാർക്ക് കിട്ടിയിട്ടുണ്ടാകും എന്നായി ആകാംഷ.ദൈവം സഹായിച് അവൾക്കും 3 മാർക്കിന്റെ വ്യത്യാസമേ ഉണ്ടാർന്നുള്ളു.അല്ലെങ്കിൽ മാർക്ക് ആ കൊച്ചിനാണ്‌ കൂടുതലെന്നും പറഞ് ന്റെ 'അമ്മ ന്നെ കൊന്നേനെ...

 വാൽക്കഷ്ണം.:-
    sslc ഒരു കടമ്പ തന്നയാണേ.ഇന്ന് sslc റിസൾട്ട് വന്ന ദിവസമായിരുന്നു.പഴയ ഓർമ്മകൾ മനസ്സിനെ ആടിയുലച്ചപ്പോൾ കോറിയിട്ടത്.നൊക്ളാജിയാ...:-O

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ