2019 ജൂൺ 13, വ്യാഴാഴ്‌ച

വിരുന്നുകാരി
'അമ്മ ഇന്നും വിളിച്ചിരുന്നു.ഇപ്പോൾ ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ എന്ന് ചോദിച്ചു.പുതിയ നാത്തൂൻ വന്നതില്പിന്നെ എന്റെ വീട്ടിലോട്ടു തിരിഞ്ഞു നോക്കാറുപോലുമില്ല.അനിയത്തി ഇടയ്ക്കിടയ്ക്ക് വന്നുനിന്നുപോകാറുണ്ട്.അവളുടെ വീട്ടിൽ അമ്മായിയമ്മയും ഏട്ടന്മാരും ഏട്ടത്തിമാരും ഒക്കെ ഉണ്ട്.ഇമ്മക്കാണെങ്കിൽ ന്റെ കെട്ടിയോൻ മാത്രം.അതുകൊണ്ടു വീട്ടിൽ പോയി സുഖിക്കാം എന്ന വ്യാമോഹം വേണ്ട.പോയിവരികയായിരുന്നു പതിവ് അതിപ്പോ ചുരുക്കം ഫോൺ വിളികളിലായി ഒതുങ്ങിപോയിരിക്കുന്നു.അതുകൊണ്ടുതന്നെയാണ് 'അമ്മ ഇങ്ങോട്ടു വിളിച്ചു പരിഭവം പറഞ്ഞതും.പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോൾ ചുരുങ്ങിയത് ആ വീട്ടിൽ ഒരു നാല് പേരെങ്കിലും വേണം.എന്നാലല്ലേ മിണ്ടി പറഞ്ഞിരിക്കാനൊക്കെ ആളുകൾ ഉണ്ടാകു.പിന്നെ വല്ലപ്പോഴും സ്വന്തം കുടുംബത്തിൽ വന്നു ഒന്നോ രണ്ടോ ദിവസം നിന്ന് വരാൻ എങ്കിലും പറ്റൂ.വിവാഹത്തിന് ശേഷം കെട്ടിയോന്റെ വീട്ടിലെ സ്വന്തക്കാരിയും സ്വന്തം വീട്ടിലെ വിരുന്നുകാരിയുമാകാനാണ് പെണ്ണിന് യോഗം.

2019 മേയ് 26, ഞായറാഴ്‌ച

ഓർമ്മകൾ...ഓർമ്മകൾ...ഓടക്കുഴലൂതി...!!!



ചില നഷ്ടപ്പെടലുകൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയാണ്.വീടിന്റെ ഗേറ്റിന്റെ മുന്നിലൂടെ പുസ്തകം നിറച്ച ബാഗ് പുറത്തു തൂക്കി കുടയുമായി നടന്നുപോകുന്ന കുരുന്നുകൾ മനസ്സിൽ നഷ്ടബോധത്തിന്റെ നിഴലുകൾ വീഴ്ത്തുന്നു.ഇതുപോലെ ഒരു കുഞ്ഞുകുടകൊണ്ടു മഴയെ തോൽപ്പിച്ച കുട്ടി മനസ്സിന്റെ അഹങ്കാരത്തോടെ റോഡിലെ ചെറിയ കുഴികളിൽ കെട്ടികിടക്കുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് എത്രയെത്ര സ്ക്കൂൾ യാത്രകൾ.
നിസ്സാര കാര്യങ്ങൾക്കു പിണങ്ങുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂട്ട് ചേരുകയുകയും ചെയ്യുന്ന സഹപാഠികളിൽ ചിലരെയെങ്കിലും കാലത്തിനിപ്പുറത്തും സൗഹൃദത്തിന്റെ നിറവുമായി ദിനത്തിൽ ഒരു തവണ എങ്കിലും കണ്ടുമുട്ടാറുണ്ട്.മറ്റു ചിലരുമായി വര്ഷങ്ങള്ക്കും മാസങ്ങൾക്കും ഇടയിലുള്ള അപ്രതീക്ഷിത സംഗമങ്ങൾ.സെന്റ് അലോഷ്യസ് എന്ന എന്റെ വിദ്യാലത്തിന്റെ പടി കടന്നു ചെല്ലുന്ന  മുതിർന്ന കുറെ ചെറിയ കുട്ടികളെ എനിക്ക്  കാണാൻ കഴിയുന്നു.അദ്ധ്യയന വര്ഷാരംഭത്തെ കുളിരണിയിച്ചു പെയ്യുന്ന ഈ മഴയുടെ തണുപ്പിലിരുന്ന് മനസ്സിന്റെ ഏതൊക്കെയോ മറവിൽ ഒളിച്ചിരിക്കുന്ന വിദ്യാലയ സ്മൃതികൾ പെറുക്കിയെടുത്ത് അവയുമായി ഞാൻ നടക്കട്ടെ...പുറകിലേക്ക്...മണൽ വിരിച്ച  വഴികളിലൂടെ കുഞ്ഞു കുടയും ചൂടി.,കെട്ടികിടക്കുന്ന വെള്ളം തട്ടി തെറിപ്പിച് മഴയിൽ കുളിച്ചു നിൽക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിലേക്ക്..😔





വാൽക്കഷ്ണം :- പഴയ കൂട്ടുകാരെ വീണ്ടും കണ്ടപ്പോൾ നൊസ്റ്റാൾജിയ കേറി വന്നതാണ്.മനസ്സിനെ ഇച്ചിരി നോവിക്കുമെങ്കിലും അതൊരു സുഖമുള്ള നോവാണ്.

2019 മേയ് 22, ബുധനാഴ്‌ച


 പ്രണയം


പ്രണയിച്ചു വിവാഹം കഴിക്കണമെന്നാണ് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നത്.ഒന്നും നടന്നില്ല എന്ന് മാത്രമല്ല.പ്രണയവിവാഹം എന്ന ചീത്തപ്പേരും(ജാതകം എഴുതിച്ചപ്പോൾ മകൾക്കു പ്രണയവിവാഹമാകുമെന്ന് ഏതോ കുരുപ്പു പണിക്കര് കവിടി നിരത്തി പ്രവചിച്ചിരുന്നത്രെ കഷ്ടകാലത്തിനു 22 വയസ്സ് കഴിയുമ്പോഴേക്കും പിടിച്ചു കെട്ടിച്ചു വിട്ടു അടുത്താണെന്നൊന്നും നോക്കിയില്ല).കെട്ടിയോന്റെ   വീട് തൊട്ടടുത്തായതാണ് എല്ലാത്തിനും കാരണം.ചെറുപ്പത്തിലേ പ്രണയവിവാഹം എന്ന ആഗ്രഹം മനസ്സിൽ ഉടലെടുക്കാനും ഒരു കാരണം ഉണ്ടാകണമല്ലോ അതിനെ പറ്റി ഞാൻ പറയാം .ഏകദേശം ഒരു ഏഴാം ക്ലാസ്സൊ ആറാം ക്ളാസോ പഠിക്കുന്ന പ്രായം. മോഹൻലാൽ ഫാൻ ആണെങ്കിലും മമ്മൂട്ടിയുടെ സിൽമാ വന്നാലും വിടാതെ കാണുന്ന ഒരു  ആരാധിക ആയിരുന്നു ഈ പാവം ഞാൻ.സിൽമാ തുടങ്ങിയാൽ പിന്നെ നിവിൻ പോളി ഏതാണ്ടൊരു സിനിമയിൽ പറഞ്ഞ പോലെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല സാറേ.അതിലിങ്ങനെ  ലയിച്ചിരിക്കും ആര് വിളിച്ചാലും വിളി കേൾക്കില്ല.സിനിമ അഴകിയ രാവണൻ എന്നാണെന്റെ ഓര്മ.അതിലെ വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ എന്ന ഗാനം കേൾക്കുമ്പോൾ ഇപ്പഴും ഒരു പ്രണയ ലാഞ്ചന തോന്നാറുണ്ടോ ണ്ടോ ആവോ....!
എന്തായാലും ആ സിനിമ എനിക്ക് പെരുത്തിഷ്ടമായി.മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച ആ ചേട്ടനോടാണ് ആദ്യ പ്രണയം തോന്നിയത്.സ്നേഹിച്ച കളികൂട്ടുകാരിയെ തേടി പിന്നീട് വര്ഷങ്ങള്ക്കു ശേഷം തിരിച്ചുവരുന്ന നായകൻ.സിനിമ കഴിഞ്ഞു വന്നതും കട്ടിലിൽ വന്ന ഒറ്റകിടപ്പാണ് കണ്ണടച്ച് കിടന്ന് സിനിമ ഒന്നൂടെ റിവൈൻഡ് ചെയ്തു കണ്ടു.'അമ്മ വന്ന് തട്ടി വിളിച്ചപ്പോഴാണ് സ്വപ്നമായിരുന്നു കണ്ടതെന്ന് മനസ്സിലായത്.പ്രേമം പ്രണയം എന്നീ വാക്കുകൾ അച്ഛനും അമ്മയ്ക്കും കേൾക്കാൻ ഇഷ്ടമില്ലാത്ത വാക്കുകൾ ആയിരുന്നതുകൊണ്ടും ഞാൻഅവരുടെ മുൻപിൽ നല്ല കുട്ടിയായി വളർന്നു.അതിനുശേഷം പലരോടും ഇഷ്ടമോ പ്രണയമോ തോന്നിയിട്ടുണ്ടെങ്കിലും ആ  സിൽമയിലെ ചേട്ടനെ എനിക്ക് മറക്കാൻ പറ്റിയില്ല ട്ടോ.ഇപ്പൊ വളർന്നു വലുതായി പടു കിളവനായിട്ടുണ്ടാകും ല്ലേ ആ സേട്ടൻ ...!പിന്നീട് ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രണയാർദ്രമായ സിനിമകൾ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ആ പഴയ ആറാം ക്ലാസുകാരി പ്രണയവിവാഹം സ്വപ്നം കാണാറുണ്ട്.

2019 മേയ് 9, വ്യാഴാഴ്‌ച

രാമന്റെ കത്ത്

         സ്നേഹം നിറഞ്ഞ പൂരപ്രേമികളും ആനപ്രാന്തന്മാരും അറിയാൻ ഇപ്രാവശ്യം പൂരവിളംബരത്തിനു എന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല.വയസ്സായി വരികയല്ലേ ഒരു കണ്ണിനു തീരെ കാഴ്ച ഇല്ല്യ പോരാത്തതിന് നീര് വറ്റിയിട്ടും ഇല്ല്യ.ഈ നേരത്ത് പൂരത്തിൽ പങ്കെടുത്താൽ എനിക്കും നിങ്ങൾക്കും അത് ദോഷമാകുകയേ ഉള്ളു.അടുപ്പിച്ചു കൊല്ലങ്ങളോളം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റാൻ ഈയുള്ളവനാണ് യോഗമുണ്ടായിരുന്നത്.ആ ഗജരാജ പ്രൗഢിയോട് കൂടി നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമ്പോൾ രാജാവിന്റെ ഒരു ഗെറ്റ് അപ്പ് ഉണ്ടായിരുന്നു.

         പിന്നെ എന്റെയത്ര തലയെടുപ്പും തുമ്പി കൈ ഒക്കെ ഏതു കൊശവന്മാർക്കുണ്ടിവിടെ ആ ഒരു കാര്യത്തിൽ ഞാൻ തന്നെയല്ലേ ഒന്നാമത്.ഇപ്രാവശ്യം ഞാനില്ലെന്നു കരുതി നിങ്ങൾ വിഷമിക്കേണ്ട.അടുത്ത പ്രാവശ്യം പൂർവാർധികം ശ്കതിയോടെ എന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാം.

    എനിക്ക് 54 വയസ്സ് കഴിഞ്ഞിരിക്കുന്നു 1984 ഇൽ ബീഹാറിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയതാണ് .ഇതിനിടക്കെ 13 പേരെ കൊന്നെന്നും ഒരു ശ്രുതി കേൾക്കുന്നു.അത് സത്യമാണ്.പക്ഷെ എന്നെ പടക്കം പൊട്ടിച്ചു അക്രമാസക്തൻ ആക്കിയതിന്റെ പേരിലാകും ഞാൻ അങ്ങനെ ചെയ്തു കൂട്ടിയിട്ടുണ്ടാകുക.കണ്ണിനു തീരെ കാഴ്ച കുറവായതിനാൽ എങ്ങോട്ടു ഓടണമെന്നു എനിക്കൊരു നിശ്ചയം ഇണ്ടാവില്ല.അതിനിടയിൽ പെട്ട് പോയതാകാ ഈ 13 പേര്.അല്ലാതെ ഒരാളെ മനഃപൂർവം കൊല്ലാൻ എനിക്ക് സാധിക്കില്ല.ബീഹാറി ആണേലും ഞാനത്ര എരപ്പാളി അല്ല.ഇപ്പോൾ ഞാൻ കേരളത്തിന്റെ പുത്രനാണ് അതുകൊണ്ടു തന്നെ നിങ്ങളും എന്റെ സ്വന്തക്കാരാണ്.ഏഷ്യയിലെ  തന്നെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആന എന്ന അഹങ്കാരം ഒന്നും എനിക്കില്ലാട്ടോ.തെക്കേ ഗോപുര നട തുറന്ന് പൂരവിളമ്പരം അറിയിക്കാനായി ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ ചില കുരുത്തം കെട്ടവന്മാർ എന്റെ കണ്ണിലേക്കു വെളിച്ചം അടിച്ചു പോട്ടം പിടിക്കാറുണ്ട്.എനിക്കതു തീരെ താല്പര്യം ഇല്ല.എന്റെ അടുത്തു അങ്ങനെ വല്ലവരെയും കണ്ടാൽ  ഞാൻനല്ല  ചാമ്പ് ചാമ്പും.

      നല്ലവരായ മൃഗസ്നേഹികളോട് എനിക്ക് കാട്ടിലേക്ക് പോകാൻ ആഗ്രഹം  ഉണ്ടായിട്ടല്ല അവിടത്തെ കാട്ടുകൊമ്പന്മാരുടെ കുത്തേറ്റു ചാകണ്ടല്ലോന്ന് കരുതിയിട്ടാണ്.നിങ്ങള്ക്ക് ഇത്രേം സ്നേഹം നിറഞ്ഞു തുളുമ്പുന്നുണ്ടെങ്കിൽ ഞാനും എന്റെ 700 കൂടപ്പിറപ്പുകളെയും ഒരു എലെഫന്റ്റ് പാർക്ക് ഉണ്ടാക്കി സ്വയ്‌ര്യ വിഹാരം നടക്കാൻ ഏർപ്പാടുണ്ടാക്കണം.വന്നു കാണുന്നവർക്കു കാണുകേം ആവാലോ.ഇതിന്റെ പേരിൽ ഇനി സമരമുറകളോ അക്രമരാഷ്ട്രീയമോ വേണ്ട ആനയില്ലാതെ എന്ത് പൂരം ഇഷ്ട്ടാ.,ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.



                  എന്ന്
    ഏകഛത്രാധിപതി
രാമൻ

2019 മേയ് 6, തിങ്കളാഴ്‌ച

എസ് എസ് എൽ സി ഒരോർമ്മ



   പത്താം തരത്തിലേക്ക്  ജയിച്ച സമയം.രണ്ടു മാസത്തെ അവധി മുഴുവനായി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നു സാരം.അതിനുമുമ്പേ സ്‌പെഷൽ ക്ലാസ് തുടങ്ങിയിരുന്നു.പോരാത്തതിന് ഇംഗ്ലീഷ് ഗ്രാമറും.ഈ ഇംഗ്ലീഷ് ഗ്രാമർ കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല ഇതുവരെ.ആംഗലേയ ഭാഷ പണ്ട് മുതലേ ന്റെ ആജന്മ ശത്രുവാണ്.ഈ ഇംഗ്ലീഷ് കാരണം ക്‌ളാസിൽ പോകാൻ തന്നെ മടിയായിരുന്നു.പോരാത്തതിന് വീട്ടിൽ നിന്നും ഉപദേശത്തിന്റെ സന്മാർഗ പാഠങ്ങൾ പറഞ്ഞു തരാൻ ആളുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു.ഇപ്പൊ എന്റെ പക്ഷം പറയാൻ അച്ഛമ്മ മാത്രം.എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക്  അച്ഛമ്മയും കരിങ്കാലി ആകാറുണ്ട്.
      പഠിക്കണ്ടേ പത്താം തരം അല്ലെ പഠിച്ചു 10 പാസ്സായില്ലെങ്കിൽ പാഴ്ജന്മാമാകും എന്നൊക്കെയുള്ള ഉപദേശങ്ങൾ കേട്ട് കേട്ട് മടുത്തു.ആകെയുള്ളൊരാശ്വാസം സഹപാഠികളായ കുറച്ചു പെൺസുഹൃത്തുക്കൾ ആണ്.എല്ലാരും തുല്യ ദുഖിതരാണല്ലോ.

     അണയാൻ പോകുന്ന തീ ആളിക്കത്തും എന്ന് കേട്ടിട്ടില്ലേ.ശരിക്കും എന്റെ ജീവിതത്തിലും അതാണ് സംഭവിച്ചത്.അന്നൊക്കെ ആൺസുഹൃത്തുക്കളെ എനിക്കറിയകൂടി ഇല്ലായിരുന്നു.പിന്നീട് കൊല്ലങ്ങൾക്കുമിപ്പുറം അവരെ ഒരു കുടക്കീഴിൽ വരുത്താൻ സാധിച്ചു.ഇപ്പൊ ഞങ്ങ കട്ട ചങ്കുകളാണ് ട്ടോ.

     പത്താം തരത്തിൽ ഞങ്ങളുടെ ക്ലാസ് മാഷ്ഡെന്നി മാഷിന് പകരം പുതിയൊരു മാഷ് ജോയിൻ ചെയ്തത്.ഡെന്നി മാഷ് വയ്യായ്ക കാരണം ഹോസ്പിറ്റലിൽ ആയിരുന്നു.പിന്നീടാണ് മാഷ് മരണപെട്ടു എന്ന വിവരം അറിയുന്നത്.പുതിയ മാഷിന്റെ പേര്  പിന്റോ എന്നായിരുന്നു.സൂപ്പർ ചുള്ളൻ മാഷ്.ഇപ്പൊ മാഷ് ബല്ല്യ നടൻ ഒക്കെ ആണുട്ടോ.( വായ്നോട്ടം അന്നും ഒരു കലയാണ്  അതിപ്പോ മാഷായാലെന്താ കുട്ടികളായാലെന്താ, ഞാൻ മാത്രല്ല ന്റെ സഹപാഠികളും )എന്തായാലും പുതിയ മാഷിനെ ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

        ദിവസങ്ങളും മാസങ്ങളും കണ്ണടച്ച് തുറക്കുമ്പോഴേക്കും പൊയ്ക്കൊണ്ടിരുന്നു.അവസാനം ഞങ്ങളുടെ സെന്റ് ഓഫ് ദിവസം വന്നെത്തി.സെന്റ് ഓഫിനാണ് എല്ലാവരെയും ശെരിക്കും ഒന്ന് പരിചയപ്പെടുന്നത് തന്നെ.നഷ്ട്ടപ്പെട്ട ദിവസങ്ങളെ ക്കുറിച്ചു അപ്പൊ വിഷമം തോന്നി.മിണ്ടാപൂച്ചയെ പോലെ ഇരുന്ന പലരും അന്ന് വാ തോരാതെ സംസാരിച്ചു.ശരിക്കും അതിശയം തോന്നിപ്പോയി.അന്ന് തിരിച്ചു വീട്ടിലേക്കു പോകാൻ ആർക്കും മനസ്സ് വന്നില്ല.ആ ദിവസം കഴിഞ്ഞു പോകാതിരുന്നെങ്കിൽ എന്ന് വരെ ആശിച്ചു പോയി.വീട്ടിലേക്കു പോകും വഴി എല്ലാവരും ഒരുമിച്ചു നടന്നു സംസാരിക്കുകയായിരുന്നു.

      സെന്റോഫിനു മാഷുമ്മാർ തന്ന മോട്ടിവേഷൻ തീയറി ഒക്കെ വീടെത്തിയപ്പോഴേക്കും ആവിയായിപ്പോയി.എന്നിരുന്നാലും കണക്കു കൂട്ടലുകൾക്കു ഒരു കുറവും സംഭവിച്ചില്ല.ഇന്ന് ഹിസ്റ്ററി നാളെ ജോഗ്രഫി മറ്റന്നാൾ ബയോളജി എന്നിങ്ങനെപോകുന്നു റിവിഷൻ കണക്കു കൂട്ടലുകളുടെ നീണ്ട നിര.

     സ്റ്റഡി ലീവെന്നു പറഞ്ഞാൽ തീറ്റ ഉറക്കം ടീവി കാണൽ ഇത് മാത്രമായി പോകുമായിരുന്ന സമയത്തു വീടിന്റെ അകത്തളങ്ങളിൽ ഇരുന്നു പഠിച്ചിട്ടു തലയിൽ കയറാത്ത കാരണം വീടിന്റെ പുറത്താക്കാം ഇനി പഠനം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.മുറ്റത്തൊരു കസേരയും കൊണ്ടിട്ടിരുന്നു കാറ്റും കൊണ്ടിരിക്കുമ്പോഴാണ് മനസ്സിനെ ആട്ടി ഉലക്കുന്ന ആ സംഭവം ഞാൻ കാണാൻ ഇടയായത്.തൊട്ടപ്പുറത്തെ വീട്ടിലിരുന്ന് ഒരു പെൺകുട്ടി പഠിക്കുന്നു.അന്വേഷിച്ചു വന്നപ്പോളാണ് അറിഞ്ഞത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ചേച്ചിയുടെ മകളാണെന്ന്‌  പേര് സുജിത. ഇനീപ്പോ ഇതും കൂടി ന്റെ 'അമ്മ കണ്ടു വന്നാൽ മനുഷ്യന് കിടക്കപ്പൊറുതി ഇണ്ടാവില്ല. കണ്ടു പഠിക്കടി എന്നാകും ഉപദേശം.സ്വദവേ സ്വന്തം  മക്കളെക്കാളും മറ്റുള്ളവരുടെ കുട്ടികളെ പ്രശംസിക്കുന്നതിലാകും അമ്മാമാർക്കു എന്നും ഹരം.സ്വന്തം മക്കൾ അതിൽ നീറി പുകയുന്നുണ്ടോന്നു അവരോർക്കാറില്ല.

  സത്യത്തിൽ അവൾ എനിക്കൊരു വമ്പൻ പാര ആയിരുന്നു.അതിരാവിലെ എണീറ്റോക്കെ പഠിക്കുമത്രെ.മനുഷ്യന്റെ ഉറക്കം കളയാൻ അല്ലാതെന്തു പറയാനാ...ഇവിടെ ന്റെ മാതാശ്രീ അപ്പൊ തുടങ്ങും രാമായണ പാരായണം. " സോപ്പ് വെള്ളമാക്കാനും ചോറ് .......ആക്കാനും മാത്രേ ഇവിടെ ഉള്ളവരെ കൊണ്ട് ഉപകാരമുള്ളു. ഇതിലും ഭേദം രണ്ടു പോത്തുകളെ വളർത്തുന്നതാണ് വീടിനെങ്കിലും ഉപകാരം ഉണ്ടായേനെ." ( അല്ലെങ്കിലും പണ്ടേ എന്നെ പോത്തുകളോട്  ഉപമിക്കാൻ 'അമ്മ  മിടുക്കിയാണ്.സ്വന്തം ഭവനത്തിൽ കൃഷിയും പോത്തും പശുവും  എരുമയും ഒക്കെ ഉണ്ടെന്നു വെച്ച്  സ്വന്തം മക്കളെ ഇങ്ങനെ തരം താഴ്ത്തി കെട്ടാമോ ? )

          സ്റ്റഡി ലീവാണെലും ക്രിക്കറ്റ് അത് ടീവിയിൽ വന്നാൽ ഇമ്മള്  വിടൂല്ലാട്ടോ.കുത്തിയിരുന്നു കാണും .'അമ്മ ജോലിക്കു പോകുന്നതുവരെ പുസ്തപുഴുവായും പോയിക്കഴിഞ്ഞാൽ ടീവി പുഴുവായും .ക്രിക്കറ്റ് പ്രാന്തന് കളിയാണേലും  ഇമ്മടെ സച്ചിനും രാഹുലും ദ്രാവിഡും ഒക്കെ ബാറ്റിങ്ങിനായി ഇറങ്ങുമ്പോഴുള്ള ആവേശമുണ്ടല്ലോ  അത് പറഞ്ഞറിയിക്കാൻ പറ്റില്ല.

      അങ്ങനെ തല്ലു കൂടിയും തല പൊളിച്ചും സ്റ്റഡി ലീവ്‌ തീർന്നു കിട്ടി.
SSLC എക്സാം ദിവസം ആദ്യ പരീക്ഷ ന്റെ ആജന്മശത്രു ഇംഗ്ലീഷ് .അമ്പലത്തിൽ പോയി ദൈവത്തിനെ ഒന്ന് സോപ്പിട്ടു.താൻ പാതി ദൈവം പാതി എന്നാണല്ലോ.ദൈവത്തിന്റെ പാതി തന്നാൽ ഞാൻ ജയിക്കും അതുകൊണ്ടു അങ്ങേരോട് ഒരു ടൈഅപ്പിനു വേണ്ടി പോയതാണ്.നേരത്തെ തന്നെ ക്ലാസിലെത്തി.ബോക്സ് തുറപ്പൊഴാ ഹാൾടിക്കട്റ്റ് എടുക്കാത്ത കാര്യം ഓര്മ വന്നത്.അപ്പൊ തന്നെ ഹെഡ്മാ ഷിന്റെ റൂമിലേക്ക് ഒരോട്ടമാണ്.അദ്ദേഹത്തിന്റെ കാലുപിടിച്ചും ഒരു ലെറ്റർ ഒപ്പിച്ചാണ് എക്സാം ഹാളിൽ എത്തിയത്.വന്നിരുന്നതും  എന്റെ ബെഞ്ചിലിരിക്കുന്നതു ഒരു ആൺകുട്ടി.
 ശ്ശെടാ വല്യ പൊല്ലാപ്പായിപ്പോയല്ലോ  ചോദിച്ചിട്ട് എഴുതാം എന്ന് വെച്ചാൽ അവൻ ആലുവാ മണപുറത്തു വെച്ചു കണ്ട പരിചയഭാവം പോലും ഇല്ല.എങ്കിലും അവനെ കണ്ണുരുട്ടി പേടിപ്പിക്കാതിരുന്നില്ല.പരീക്ഷകളൊക്കെ നന്നായി ഉരുട്ടിയുരുട്ടി റെയ്‌നോൾസ് പേന കൊണ്ട് എഴുതി തീർത്തു.പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് അച്ഛനും അമ്മയ്ക്കും ഒരേ മറുപടിയാണ് ഞാൻ സമ്മാനിച്ചത്. ചോദ്യങ്ങളൊക്കെ വളരെ എളുപ്പമായിരുന്നു.ഉത്തരം എഴുതാൻ ഞാൻ  വളരെ കഷ്ട്ടപെട്ടു.വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.ഇനി വരും പോലെ വരട്ടെ..

        റിസൾട്ട് വരുന്നതുവരെ ഞാൻ വളരെ വളരെ ഹാപ്പി ആയിരുന്നു.റിസൾട്ട് വരുന്നതിന്റെ തലേദിവസം പേടിച്ചിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല ഇനിയെങ്ങാനും തോറ്റുപോയാലോ മുൻകരുതൽ എടുക്കണ്ടേ.തോറ്റാൽ നാട് വിടണോ അതോ ആത്മഹത്യയോ .,? പല പല ആലോചനകളും മനസ്സിലൂടെ കടന്നുപോയി.അതിരാവിലെ പത്രം വന്നപ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ പറഞ്ഞത് എന്റെ നമ്പർ പേപ്പറിൽ ഇല്ലാന്ന്.പോരെ പൂരം.അത് കേട്ടതും അമ്മയുടെ വക ചീത്ത വിളി തുടങ്ങിയതും ഒരുമിച്ചായിരുന്നു.പിന്നീട് ഒന്നും മിണ്ടാൻ നാവു പൊങ്ങിയില്ല.ശരീരം തളർന്നുപോകുന്ന പോലെ ഒക്കെ തോന്നി റൂമിൽ കയറി മുകളിലേക്കു നോക്കി കരച്ചിലോടു കരച്ചിൽ.അന്ന് രാത്രി എല്ലാവരും ഉറങ്ങിയശേഷം ആത്മഹത്യ ചെയ്യാം എന്ന കടുത്ത തീരുമാനം വരെ എടുത്തു.

      എന്നാലും ന്റെ അച്ഛൻ മാത്രം ഞാൻ തോറ്റു എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാട്ടോ. ഞാനറിയാതെ അച്ഛൻ സ്കൂൾ വരെ പോയി റിസൾട്ടിന്റെ കാര്യം അറിയാൻ.10 -തരത്തിൽ ഒരു പെൺകുട്ടി പോലും തോറ്റിട്ടില്ലെന്നും.ആകെ മൂന്ന് ആൺകുട്ടികളാണ് തോറ്റതെന്നും സ്കൂളിന് 97 % വിജയം ഉണ്ടെന്നും .തോറ്റ കുട്ടികളിൽ ഒരു കുട്ടി പരീക്ഷ എഴുതാൻ പറ്റാതെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും അപ്പോൾ അറിയാൻ കഴിഞ്ഞു.

     തിരിച്ചു വരുന്ന വഴി അച്ഛൻ ലഡ്ഡു വാങ്ങിയിട്ടാണ് വന്നത്.പിന്നീട് ഒന്നൂടെ നോക്കിയപ്പോഴാണ് സെക്കന്റ് ക്ലാസ് ഉണ്ടെന്നറിഞ്ഞത്.വെറുതെ കണ്ണീരു വെയ്സ്റ്റാക്കി .കടുത്ത തീരുമാനങ്ങളെ കാറ്റിൽ പറത്തി കളഞ്ഞെങ്കിലും അടുത്ത വീട്ടിലെ കുട്ടിക്ക് എത്ര മാർക്ക് കിട്ടിയിട്ടുണ്ടാകും എന്നായി ആകാംഷ.ദൈവം സഹായിച് അവൾക്കും 3 മാർക്കിന്റെ വ്യത്യാസമേ ഉണ്ടാർന്നുള്ളു.അല്ലെങ്കിൽ മാർക്ക് ആ കൊച്ചിനാണ്‌ കൂടുതലെന്നും പറഞ് ന്റെ 'അമ്മ ന്നെ കൊന്നേനെ...

 വാൽക്കഷ്ണം.:-
    sslc ഒരു കടമ്പ തന്നയാണേ.ഇന്ന് sslc റിസൾട്ട് വന്ന ദിവസമായിരുന്നു.പഴയ ഓർമ്മകൾ മനസ്സിനെ ആടിയുലച്ചപ്പോൾ കോറിയിട്ടത്.നൊക്ളാജിയാ...:-O