യാത്രകൾ ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ .അതുപോലെ തന്നെ ഒറ്റക്കും കൂട്ടായും ഒക്കെ യാത്രകൾ പോകാറുണ്ട്.കുറച്ചു നാളായി ഓഫീസിലെ തിരക്കുകൾ കാരണം എന്റെ യാത്രകൾക്ക് വിരാമം ഇട്ടിരിക്കുകയായിരുന്നു.ഈ കഴിഞ്ഞ ഒക്ടോബര് ഒന്നിന് ഞാനും എന്റെ ക്ലാസ്സ്‌മേറ്റ്സ് ഉം കൂടി ഒരു വൺഡേ ടൂർ അറേഞ്ച് ചെയ്തു.മാതൃഭൂമിയുടെ യാത്രാ എന്ന ബുക്കിനെ സ്ഥിരം വായനക്കാരിയാണ് ഞാൻ.അതിൽ നിന്നാണ് മാലിപ്പുറം എന്ന സ്ഥലത്തെക്കുറിച്ചു അറിയാൻ കഴിഞ്ഞത്.സ്ഥലത്തെകുറിച്ചു അതിൽ വിശദമായി പ്രതിപാദിച്ചിരുന്നെങ്കിലും ഫോൺ നമ്പർ തെറ്റായിരുന്നു.ചില സുഹൃത്തുക്കൾ എറണാകുളത്തു ഉള്ളതിനാൽ അവരെ കോൺടാക്ട് ചെയ്തു.എന്നിരുന്നാലും നമ്പർ കിട്ടിയില്ല.അവസാനം ചെറായിലുള്ള ഡെന്നി ബ്രോ നേരിട്ടുപോയി എനിക്ക് നമ്പർ ഒപ്പിച്ചു തരികയായിരുന്നു.കൗണ്ടറിൽ നിൽക്കുന്ന ചേച്ചിയുടെ ഫോൺ നമ്പർ വാങ്ങി തരികയാണ് ഉണ്ടായത്.അപ്പോൾ തന്നെ വിളിച്ചു ഒരു 17 ടിക്കറ്റ് മാറ്റി വെയ്ക്കാൻ പറഞ്ഞു.ഇത് വരെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.ഇനിയാണ് കഥയിലെ ട്വിസ്റ്റ് മാലിപ്പുറത്തെ ഫോൺ നമ്പർ വാങ്ങാൻ പോയവൻ ഞാറക്കലിലെ ഫോൺ നമ്പർ ആണ് ഒപ്പിച്ചു തന്നതെന്നു മാലിപ്പുറത്തേക്കു എത്താറായപ്പോഴാണ് ഞാനറിഞ്ഞതെന്നു മാത്രം.മാലിപ്പുറത്തും ഞാറക്കലിലും അക്വ ടൂറിസം തന്നെയാണ്.അവസാനം ഞാറക്കലിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു.
ഞങ്ങൾ കൊടുങ്ങല്ലൂർ പറവൂർ വഴിക്കാണ് ഞാറക്കലിലേക്കു പുറപ്പെട്ടത്.പോകും വഴി മാപ്രാണം ഷാപ്പിലും ഒന്നുകയറി.തെറ്റിദ്ധരിക്കണ്ട കേട്ടോ പെണ്പടകൾ വണ്ടിയിൽ തന്നെ ഇരുന്നു.ആൺ പടകൾമാത്രമേ അതിനകത്തേക്കു കയറിയുള്ളു.ഞങ്ങൾക്കുള്ള കൊള്ളിയും മീൻകറിയും മട്ടൻ വരട്ടിയതും കാടമുട്ട റോസ്റ്റും വണ്ടിയിലേക്ക് എത്തിച്ചു തന്നു.അത് അപ്പൊ തന്നെ തീർക്കുകയും ചെയ്തു.മാപ്രാണം ഷാപ്പിലെ കറികളെ കുറിച്ച് കേട്ടറിവുണ്ടെങ്കിലും രുചിച്ചു നോക്കാൻ അവസരം കിട്ടിയത് ഈ യാത്ര കൊണ്ടാണ്...കൊള്ളാം കേട്ടോ സംഭവം ഉഷാർ...!!!
അവിടെ നിന്നും ഞങ്ങൾ ഞാറയ്ക്കലിലേക്കു പുറപ്പെട്ടു.ഞാറയ്ക്കൽ കുടുംബസമേതം ബോട്ടിങ് നടത്താനും ചൂണ്ടയിടാനും അൽപ്പം കാറ്റ് കൊണ്ടിരിക്കാനും പറ്റിയ ഇടം.അവധി ദിവസങ്ങൾ മനോഹരമാക്കാൻ പറ്റിയ ഇടമാണ് ഞാറയ്ക്കൽ.എറണാകുളം ജില്ലയിലെ പുതു വൈപ്പിനടുത്താണ് ഈ സ്ഥലം.എറണാകുളം എം ജി റോഡിൽ നിന്നും 14 കി മി പോയാൽ ഞാറയ്ക്കലിൽ എത്താം.ഞാറയ്ക്കൽ ബീച്ച് റോഡിൽ ടാലെന്റ്റ് സ്കൂളിന് അടുത്താണ് മൽസ്യഫെഡിന്റെ ഈ ഫിഷ് ഫാം സ്ഥിതി ചെയ്യുന്നത്.വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.ചെന്ന് കയറുന്ന ഭാഗത്തു തന്നെയാണ് ടിക്കറ്റ് കൗണ്ടർ.വിളിച്ചു പറഞ്ഞ പ്രകാരം 12 മുതിർന്നവർക്കുള്ള ടിക്കറ്റും 5 കുട്ടികൾക്കുള്ള ടിക്കറ്റും എടുത്തു വെച്ചിരുന്നു.മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 100 രൂപയും.10 പാസ്സിന് ഒരു ടിക്കറ്റ് ഫ്രീ ആണ്.ഞങ്ങൾ എത്തിയത് ഉച്ചഭക്ഷണത്തിന്റെ സമയത്തായതുകൊണ്ടും നേരെ ഫുഡ് കഴിക്കാൻ കയറി.ചെമ്മീൻ അച്ചാറും മീൻ വറുത്തതും മീൻ കറിയും സാമ്പാറും മോരുകറിയും ഒക്കെ കൂട്ടി വിഭവസമൃദ്ധമായ സദ്യ.അത് കഴിഞ്ഞു നേരെ ഐസ് ക്രീം കഴിക്കാനും കയറി.ഇനി കുറച്ചു നേരം വിശ്രമിക്കാം എന്നുവെച്ചപ്പോൾ ബോട്ടിങ്ങിന്റെ അടുത്തു നല്ല തിരക്ക്.കുട്ടികൾ കൂടെ ഉള്ളതുകൊണ്ട് സ്പീഡ് ബോട്ടിനു രണ്ടു ടിക്കറ്റ് എടുത്തു.ഒരു ടിക്കറ്റിനു അഞ്ചു പേർക്ക് കയറാം.കൂടെ ഉണ്ടായിരുന്ന കുറച്ചു പേര് കുട്ടവഞ്ചിയും തുഴഞ്ഞു.എന്നെയും വിളിച്ചതാ.,ധൈര്യം കൂടുതലായതുകൊണ്ടു പോയില്ല.അരക്കൊപ്പം വെള്ളത്തിൽ മുങ്ങിച്ചത്തു എന്ന് പറഞ്ഞാൽ നാണക്കേടല്ലേ...പിന്നെ അവിടെ ഉള്ള മൽസ്യങ്ങൾ ചത്തു പൊന്തിയാൽ അതിന്റെ ഉത്തരവാദിത്വവും ന്റെ തലയിൽ ആകും അതുകൊണ്ടുമാത്രം ഞാൻ അതിനു മെനക്കെട്ടില്ല.
ബോട്ടിൽ കയറിയത് തന്നെ മീൻ ചാടുന്നത് കാണാനാണ്.,എവിടെ ഒരു മീനും ചാടണത് ഞാൻ കണ്ടില്ല.സ്പീഡ് ബോട്ടിലെ ചേട്ടനോട് ചോദിച്ചപ്പോൾ മാലിപ്പുറത്തു മീൻ ചാടണത് കാണാൻ പറ്റും എന്നായിരുന്നു മറുപടി.എവിടെപ്പോയാലും അവസ്ഥ ഇതൊക്കെ തന്നെ എന്നുതോന്നുന്നു.20 രൂപ കൊടുത്താൽ ചൂണ്ടയിടാനുള്ള ചൂണ്ട കൗണ്ടറിൽ നിന്നും ലഭിക്കും.തിരിച്ചുപോകുമ്പോ തിരികെ ഏൽപ്പിക്കണം എന്ന് മാത്രം.ചൂണ്ട കൊളുത്തിൽ വെക്കാനുള്ള ഇര അവിടെനിന്നു തന്നെ കിട്ടും.മൈദ മാവും മഞ്ഞളും കൂട്ടിയ ഒരു മിശ്രിതം.അത് ചൂണ്ടയിൽ കൊളുത്തി ഇട്ടാൽ മതി.ഭാഗ്യമുണ്ടെങ്കിൽ നമുക്കും മീൻ കിട്ടും.അവിടെ ചൂണ്ടയിടാൻ ഇരുന്ന ഒരു പയ്യന് കരിമീൻ കിട്ടി.അവൻ അതും പൊക്കിപ്പിടിച്ചു നടപ്പുണ്ടായിരുന്നു.പുറമെ നിന്നും ചൂണ്ട കൊണ്ടുവരാം.പാസ് എടുത്തു കയറിയാൽ 5-6 മണി വരെ നമുക്ക് അവിടെ ചിലവഴിക്കാം.അവിടെ നിന്നും എല്ലാവരും ഓരോ ഗ്രൂപ്പ് ഫോട്ടോയും എടുത്തു നേരെ വൈപ്പിനിലേക്ക്.
വൈപ്പിനിൽ വണ്ടി പാർക്ക് ചെയ്തതിനു ശേഷം ജങ്കാറുവഴി ഞങ്ങൾ ഫോർട്ട് കൊച്ചിയിലേക്ക്.റോഡ് മാർഗം പോകുകയാണെങ്കിൽ സമയനഷ്ടം.ജങ്കാറിൽ കയറിയുള്ള യാത്ര ഒരു പുതിയ അനുഭവമായിരുന്നു.കാറും ബൈക്കും ആളുകളുമൊക്കെയായി ജങ്കാർ ഫോർട്ട് കൊച്ചിയിലേക്ക് പതുക്കെ നീങ്ങിത്തുടങ്ങി.ശെരിക്കും ഒരു ആനപ്പുറത്തിരിക്കുന്ന പ്രതീതിയായിരുന്നു.മനസ്സിൽ.ജങ്കാറിൽ നിന്ന് പലരും സെൽഫികൾ എടുത്തു കൂട്ടുന്നുണ്ടായിരുന്നു.
ഫോർട്ട് കൊച്ചിയിൽ എത്തിയതും...ഒരു വലിയ സ്ട്രീറ്റിൽ എത്തിയപോലെയാണ് തോന്നിയത്.നടക്കുന്ന വഴികളുടെ ഇരുവശത്തും ചെറിയചെറിയ കടകൾ.പലതരം തൊപ്പികളും വസ്ത്രങ്ങളും ബാഗുകളും കരകൗശല വസ്തുക്കളും സ്ട്രീറ്റ് ഫുഡും ഒക്കെയായി നല്ല തിരക്കാണ്.അതിനിടക്ക് ഒരു ചിൽഡ്രൻസ് പാർക്കും ചീനവലകളും ഞങ്ങൾ നടന്നു നടന്നു ബീച്ചിന്റെ അടുത്തെത്തി.കുറച്ചു നേരം അവിടെ ചിലവഴിച്ചു.ബീച്ചിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അവിടത്തെ വൃത്തിഹീനമായ ചുറ്റുപാട് കാരണം ഇറങ്ങിയില്ല.തിരിച്ചു മടങ്ങുമ്പോൾ കൂട്ടുകാരന്റെ മക്കൾ പെറുക്കികൂട്ടിയ കക്കകൾ കയ്യിൽ വെച്ച് തന്നു ഞാനത് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു.പിന്നീടത് ചോദിച്ചു വാങ്ങാൻ അവർ മറന്നില്ല.തിരിച്ചു വൈപ്പിനിലേക്ക് ഞങ്ങൾ ബോട്ടിൽ ആണ് പോയത്.ബോട്ടിൽ കയറിയതും നല്ല മഴക്കാറും.ഇനി ചുറ്റിക്കറങ്ങാൻ പറ്റില്ലെന്ന് കരുതി.വണ്ടിയിൽ കയറുമ്പോൾ തന്നെ മഴ പെയ്തുതുടങ്ങി.
ഇത്രേടം വരെ വന്നിട്ട് മെട്രോയിൽ കയറാതെ പോകുന്നതെങ്ങനെ...? നേരെ മുട്ടം സ്റ്റേഷനിലേക്ക് അവിടെ വണ്ടി പാർക്ക് ചെയ്തു ഇടപ്പള്ളിക്ക് ടിക്കറ്റ് എടുക്കാൻ ടിക്കറ്റ് കൗണ്ടറിലേക്ക് നീങ്ങി.വളരെ ആധുനീക സജീകരണങ്ങളോട് കൂടിയ ഒരു റെയിൽവേ...കണ്ടപ്പോൾ അത്ഭുതവും അതിലേറെ ആകാംഷയും.ടിക്കറ്റ് ഒന്നിന് 20 രൂപ യാത്ര കഴിഞ്ഞു അടുത്ത സ്റ്റേഷൻ എത്തുന്നവരെ ടിക്കറ്റ് സൂക്ഷിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും 90 രൂപയാണ് പിഴ.ഈ കാശ് അടച്ചാലേ അവിടെനിന്നു പുറത്തു കടക്കാൻ പറ്റു.10-15 മിനിട്ടു കൂടുമ്പോൾ വണ്ടിയുണ്ട്.ഞങ്ങൾ അക്ഷമരായി ട്രെയിൻ വരുന്നതും കാത്തു നിന്നു.ട്രെയിൻ വന്നതും അതിൽ കയറി എടപ്പള്ളിയിലേക്കു.അകത്തു കയറിയതും സീറ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.തണുത്ത എസിയിൽ നിന്ന് തന്നെ ഇടപ്പള്ളിയിൽ എത്തിച്ചേർന്നു.വന്നു ഇറങ്ങിയതും ഒരു പൂരത്തിന്റെ ജനം ഉണ്ടായിരുന്നു.ലുലുമാളിൽ നിന്നും ഉള്ള ജനങളുടെ പ്രവാഹമാണ്.ടിക്കറ്റിനു വരി നിന്നാൽ ഈയടുത്തൊന്നും പോകാൻ പറ്റില്ല.അതുകൊണ്ടു തന്നെ ഡ്രൈവറായ കൂട്ടുകാരൻ ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു.ഞങ്ങൾ നേരെ ഇടപ്പള്ളി പള്ളിയിലേക്കും നിങ്ങൾ ലുലുമാളിലും കറങ്ങിയിട്ടു വരൂ.
ഒരു മണിക്കൂർ സമയം ഉണ്ട്.അത് ലുലുവിൽ തന്നെ ചിലവഴിക്കാം എല്ലാവരും ലുലുവിലേക്കു നടന്നു നീങ്ങി.എല്ലാവരോടും ഒരു പ്രത്യേക സ്ഥലം പറഞ്ഞു.അവിടെ കറക്കം കഴിയുമ്പോൾ തിരിച്ചെത്താൻ നിർദ്ദേശവും നൽകി.ചിലർ സൂപ്പർമാർക്കറ്റിലും..ചിലർ കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളിലും...ചിലർ ഫുഡ് കഴിക്കാനും പോയി.ഞാനും എന്റെ അനന്തിരവനും കൂടെ അവിടെ വരുന്നവരുടെയും പോകുന്നവരുടെയും ചേഷ്ടകൾ നോക്കി നിന്ന്.നിന്ന് ബോറടിച്ചപ്പോൾ നടന്നു ...അങ്ങിനെ നടക്കുന്നതിനിടയിൽ പ്രിയ കൂട്ടുകാരി ബർഗർ ഷോപ്പിൽ ഇരുന്നു മാടി വിളിക്കുന്നു.എന്നാൽ പിന്നെ അവിടേം കയറാം എന്നായി.അവിടെ കയറി ബർഗറും ഉരുളക്കിഴങ്ങു വറുത്തതും കൂട്ടി കഴിച്ചു.കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫോണിന്റെ നിലവിളി.എല്ലാവരും എത്തിയിരിക്കുന്നു.ഇനി ഞങ്ങളും കൂടെ എത്താനുള്ളൂ.ഇപ്പൊ എത്താമെന്ന് പറഞ്ഞു ഞങ്ങളെല്ലാം നേരെ മെട്രോ കയറാൻ നടന്നു.ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോഴും ജനപ്രവാഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല.മെട്രോയും ലുലുമാളിനെയും ബന്ധിപ്പിക്കുന്ന പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്.അതും കൂടെ വന്നാൽ നടപ്പാതയിൽ ഉള്ള തിരക്കിന് ഒരു ശമനം ആയേക്കും.ഞങ്ങൾ ടിക്കറ്റ് എടുത്തു വരുമ്പോഴേക്കും പള്ളിയിലേക്ക് പോയവർ തിരിച്ചെത്തി.ഞങ്ങൾ മുട്ടത്തെക്കുള്ള ട്രെയിൻ കാത്തുനിന്നു.നല്ല തിരക്കുണ്ട്.മുട്ടത്തു വന്നിറങ്ങി ട്രാവലറിൽ കയറി നേരെ വീട്ടിലേക്കു...അപ്പോഴേക്കും പുറകിലെ സീറ്റിൽ അടുത്ത ട്രിപ്പിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു.എന്റെ യാത്രകൾ തുടരുകയാണ്...പറഞ്ഞുവന്നാൽ ജീവിതം തന്നെ ഒരു യാത്രയല്ലേ...ജനനം മുതൽ മരണം വരെയുള്ള യാത്ര....!!!































